പറവൂർ: ചേന്ദമംഗലം പാലിയം മാറ്റച്ചന്തയ്ക്ക് പഴമയുടെ മുഖം നൽകാൻ പരമ്പരാഗതമായ രീതിയിൽ ഓലമേഞ്ഞ കൂരകൾ നിർമ്മിക്കും. ഇതിനായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഓലമെടയൽ കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ വാർഡുകളിലും ഓലകൾ മെടയുന്നുണ്ട്. ഇവ ശേഖരിച്ച് ഇത്തവണ ഓല കൊണ്ടുള്ള ഷെഡുകൾ നിർമ്മിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് പാലിയത്തച്ചൻ തുടങ്ങിവച്ചതാണ് പാലിയം മാറ്റച്ചന്ത. പണത്തിന് പകരം സാധനങ്ങൾ കൈമാറുന്നതായിരുന്നു പഴയരീതി. പഴയ ഓർമ്മകൾ നിലനിർത്തി ഇന്ന് ഉത്പന്നങ്ങൾ പണംകൊടുത്തുവാങ്ങുന്ന രീതിയായി. വിഷുവിന് രണ്ടുനാൾ മുമ്പ് മാറ്റച്ചന്ത ആരംഭിക്കും. ആദ്യദിവസം ചെറിയമാറ്റവും രണ്ടാം ദിവസം വലിയമാറ്റവുമാണ് നടക്കുക. രാപ്പകലില്ലാതെ ചന്ത പ്രവർത്തിക്കും. വിഷുവിന്റെ തലേന്ന് വൈകിട്ടോടെ സമാപിക്കും.