കോലഞ്ചേരി: കാത്തിരിപ്പിന് വിരാമമാകുന്നു. തമ്മാനിമ​റ്റം തൂക്കുപാലം പുനർനിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങി. റീ ബിൽഡ് കേരള ഇനിഷ്യേ​റ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം പുനർനിർമ്മിക്കുന്നത്. നിർമ്മാണത്തിന് മുന്നോടിയായി പ്രദേശത്തെ മണ്ണ് പരിശോധന പൂർത്തിയായി. പിറവം നിയോജകമണ്ഡലത്തിലെ രാമമംഗലം പഞ്ചായത്തിനെയും കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പൂതൃക്ക പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തമ്മാനിമ​റ്റം തൂക്കുപാലം. 2018 ലെ മഹാപ്രളയത്തിലാണ് പാലം നിലംപൊത്തിയത്. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി. പാലം വഴി കാൽനടയായി രാമമംഗലത്ത് എത്താൻ മിനിറ്റുകൾ മാത്രം മതി. പാലമില്ലാതായതോടെ യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിയാണ് രാമമംഗലത്ത് എത്തുന്നത്. ഇവി‌ടെ നേരത്തെ കടത്തുണ്ടായിരുന്നു. പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പ് കടത്തു സർവ്വീസ് നിർത്തിയിരുന്നു. എന്നാൽ പാലം തകർന്നതോടെ കടത്തുമില്ല, പാലവുമില്ല എന്നുള്ള അവസ്ഥയിലായി. ഇതോടെ എന്തിനും ഏതിനും ഇവിടത്തുകാർ കോലഞ്ചേരിയെയോ രാമമംഗലത്തെയോ ആശ്രയിക്കേണ്ട അവസ്ഥയായി.

2013ലാണ് രാമമഗംലം, പൂത്തൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തമ്മാനിമ​റ്റം കടവിൽ പാലം നിർമ്മിച്ചത്. തൊട്ടടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ചരിഞ്ഞു. പുഴയിലൂടെ ഒഴുകിവന്ന കൂ​റ്റൻ മരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞത്. പാലം നിർമിച്ച 'കെൽ' തന്നെ കേടുപാടുകൾ തീർത്ത് വീണ്ടും സഞ്ചാരയോഗ്യമാക്കി. എന്നാൽ, 2018ലെ മഹാപ്രളയം പാലത്തെ പിഴുതെടുക്കുകയായിരുന്നു. തമ്മാനിമ​റ്റം കരയിലെ തൂണുകൾ തകർന്നാണ് തൂക്കുപാലം തരിപ്പണമായത്. 2. 19 കോടി രൂപയാണ് പാലം പുനർനിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല എൽ.എസ്.ജി.ഡിക്കാണ്. ഇരുപഞ്ചായത്തിലെയും കാൽനട യാത്രക്കാർക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് തൂക്കുപാലം പുനർനിർമ്മിക്കുന്നത്. 167.75 മീ​റ്റർ നീളത്തിലാണ് നിർമ്മാണം.തമ്മാനിമ​റ്റം കടവിലെ ടൂറിസം സാദ്ധ്യതകൾക്കും തൂക്കുപാലം പുനർനിർമ്മിക്കുന്നതിലൂടെ പുത്തൻ പ്രതീക്ഷ നൽകും.