soorya
സൂര്യഗായത്രിക്ക് ഗാന ഭക്ത കോകില പുരസ്കാരം ശബരിമല മുൻ മേൽശാന്തി സുധീർ നമ്പൂതിരി, ഡോ: ചിദംബരം എന്നിവർ ചേർന്ന് സമ്മാനിക്കുന്നു

അംഗീകാരമായി ഗാന ഭക്ത കോകില പുരസ്കാരം

മുംബയ്: ശാസ്ത്രീയ സംഗീതത്തിലൂടെ ശ്രോതാക്കളെ വിസ്മയിപ്പിച്ച് മലയാളി പ്ലസ് വൺ വിദ്യാർത്ഥിനി മുംബയുടെ മനം കവർന്നു. കോഴിക്കോട് വടകര പുറമേരി സൂര്യകാന്തത്തിൽ പി.പി. അനിൽ കുമാറിന്റെയും ദിവ്യയുടെയും മകൾ സൂര്യഗായത്രിയാണ് മുംബയിലും താരമായത്. അനുമോദനസൂചകമായി മുംബയ് ശങ്കരാലയം ശാസ്താ ക്ഷേത്രം ട്രസ്റ്റ് ഗാന ഭക്ത കോകില പുരസ്കാരം നൽകി.

പുറമേരി കടത്തനാട്ട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ സൂര്യഗായത്രി ആസ്ട്രേലിയ, അമേരിക്ക, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക എന്നിവയുൾപ്പെടെ ഇന്ത്യക്ക് പുറത്ത് ഒരു ഡസനിലേറെ വേദികളിൽ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് വേദികളിലും സൂര്യഗായത്രിയുടെ സംഗീതമാധുരി ഒഴുകിപ്പടർന്നു.

മൃദംഗവിദ്വാനായ അനിൽ കുമാറിന്റെ കലയോടുള്ള പ്രണയമാണ് മകളെയും സംഗീത വഴിയിൽ എത്തിച്ചത്. അഞ്ചാം വയസിൽ നാട്ടുകാരനായ നിഷാന്തിന്റെ ശിക്ഷണത്തിലാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് എസ്. ആനന്ദി കുൽദീപ് എം.പൈ, കോട്ടയം ജെനനീഷ് ഭാഗവതർ എന്നിവരുടെ ശിക്ഷണവും സ്വീകരിച്ചു.

ഭർത്താവിന്റെയും മകളുടെയും കഴിവുകൾ പൊതുസമൂഹം ഏറ്റെടുത്തപ്പോൾ ദിവ്യക്കും മോഹമുദിച്ചു കവിത എഴുതാൻ. അങ്ങനെ ദിവ്യ എഴുതിയ 'ഗോപി ഗോപാലൻ' എന്ന കവിത അച്ഛനും മകളും സംഗീതം പകർന്ന് പാടിയപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതിനകം 50 ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു.

മുംബയ് ഷൺമുഖാനന്ദ സഭയുടെ എം.എസ്. സുബ്ബലക്ഷ്മി ഫെല്ലോഷിപ്പ്, ചെന്നെ ഭാരത് കലാമന്ദിറിന്റെ ബാല ജ്ഞാന കലാഭാരതി പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനകം സൂര്യഗായത്രിയെ തേടി എത്തിയിട്ടുണ്ട്. ശബരിമല മുൻ മേൽശാന്തി സുധീർ നമ്പൂതിരി, ഡോ. ചിദംബരം എന്നിവർ ചേർന്ന് സൂര്യഗായത്രിക്ക് ഗാന ഭക്ത കോകില പുരസ്കാരം സമ്മാനിച്ചു. ശങ്കരാലയം ശാസ്താ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ജയന്ത് ലാപ്സിയ അദ്ധ്യക്ഷത വഹിച്ചു.