കൊച്ചി: ഒരുവർഷത്തിലധികമായി സ്ഥലമാറ്റമില്ലാതെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വലയുന്നു. പെൻഷൻ ആകാറായവർക്ക് പോലും വീടി​നടുത്തേക്ക് സ്ഥലം മാറ്റം ലഭി​ക്കുന്നി​ല്ല. ലാൻഡ് റവന്യൂ കമ്മിഷണറെ നേരിൽ കണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. മാർച്ച് 31ന് അകം ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ഓർഡർ ഇറക്കിയില്ലെങ്കിൽ ഏപ്രിൽ നാലുമുതൽ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് നീങ്ങാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ നിരോധനം പിൻവലിക്കുമെന്ന ലാൻഡ് റവന്യൂ കമ്മി​ഷണറുടെ മാർച്ച് 11ലെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് വർഷങ്ങളായി അന്യജില്ലകളിൽ നിന്നും മാതൃജില്ലകളിലേക്ക് സ്ഥലം മാറ്റം ലഭിക്കാത്ത റവന്യൂ വകുപ്പിലെ ജീവനക്കാരുടെ വാട്‌സ് ആപ് കൂട്ടായ്മയായ റവന്യൂ റീ അലോട്ട്‌മെന്റ് ഗ്രൂപ്പ് അഡ്മിൻ മാരായ പി. എസ്. രാജേഷ്, അബ്ദുൽ ജബ്ബാർ എന്നിവരാണ് തിരുവനന്തപുരത്ത് ലാൻഡ് റവന്യൂ കമ്മീഷണറേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തി​ന് ഒരുങ്ങുന്നത്. 1500 ഓളം ഉദ്യോഗസ്ഥരാണ് സ്ഥലമാറ്റം പ്രതീക്ഷിച്ചിരിക്കുന്നത്. 2021ൽ സ്ഥലമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ പരിഹരിച്ചതുമാണ്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും 2021 ജൂലായ് 31ന് റവന്യൂ വകുപ്പ് പുതിയ ഉത്തരവിറക്കിയതാണ് എല്ലാം തകിടം മറിയാൻ കാരണം. സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാതെ മറ്റ് ജില്ലകളിൽ പോയി പി.എസ്.സി പരീക്ഷ എഴുതിയവർക്ക് സ്വന്തം ജില്ലയിലേക്ക് ട്രാൻസ്ഫറിന് അപേക്ഷ നൽകിയാൽ പത്തിൽ ഒരാൾക്ക് മാത്രമേ പരിഗണന ലഭിക്കൂ എന്നതായിരുന്നു ഉത്തരവ്.