പെരുമ്പാവൂർ: വേനൽ എത്ര കടുത്താലും തനിക്ക് ചുറ്റുമുള്ള പക്ഷികളും പറവകളും ദാഹജലം കിട്ടാതെ പോകരുതെന്ന ദൃഢനിശ്ചയത്താൽ നൗഷാദ് എന്ന അദ്ധ്യാപകൻ നടത്തുന്ന മൺപാത്ര വിതരണം മൂന്നാം വർഷവും തുടരുന്നു. ഈ വർഷം 1000 മൺപാത്രങ്ങൾ വിതരണത്തിന് തയ്യാറാക്കി കഴിഞ്ഞു. ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായൺ ആണ് സൗജന്യവിതരണത്തിന് ആദ്യമായി 500 മൺപാത്രങ്ങൾ രണ്ടുവർഷം മുമ്പ് ഇദ്ദേഹത്തെ ഏൽപ്പിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ മൺപാത്രം ലഭിച്ച പലരും വിവിധ പക്ഷികൾ ദാഹജലം കുടിക്കുന്നതിന്റെ ചിത്രങ്ങൾ അയച്ചുതരുന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണന്ന് നൗഷാദ് പറഞ്ഞു. അടുത്ത ബന്ധുവാണ് ഇത്തവണ മൺപാത്രങ്ങളിൽ ഭൂരിഭാഗവും വിതരണത്തിന് സജ്ജമാക്കാൻ സഹായിച്ചത്. വിതരണത്തിന്റെ ഉദ്ഘാടനം അടുത്ത ദിവസങ്ങളിൽ നടക്കും. തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ അറബി അദ്ധ്യാപകനായ കെ.എ.നൗഷാദ് നാട്ടിലെ പള്ളിക്കവല കെ.എം സീതി സാഹിബ് സ്മാരക വായനശാല പ്രസിഡന്റ് കൂടിയാണ്. മൺപാത്രം ആവശ്യമുള്ളവർ spmpbvr@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടണം.