പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ കളത്തറ ചാലിൽ കെട്ട് കലക്കൽ ഉത്സവം നാട്ടുകാർക്ക് ആവേശമായി. ശനിയാഴ്ച ഒമ്പതര മണിയോടെയാണ് കെട്ട് കലക്കൽ ഉത്സവം നടന്നത്. ഇന്നലെ പുലർച്ചെ മുതൽ നാട്ടുകാർ കൂട്ടത്തോടെ മീൻ വാങ്ങിക്കാനെത്തി. സിലോപിയ, കരിമീൻ, പൂമീൻ, ചെമ്മീൻ തുടങ്ങിയവ വളരെ കുറഞ്ഞ നിരക്കിലാണ് വിറ്റഴിച്ചത്‌.

വലിയ കരിമീൻ - 500, തിലോപിയ - 300, പൂമീൻ - 250, വലിയ ചെമ്മീൻ - 350 എന്നീ നിരക്കിലാണ് വിറ്റഴിച്ചത്. ഇനി ആറു മാസക്കാലം കായലിൽ ആർക്കും ഇറങ്ങി മീൻ പിടിക്കാം. ചെല്ലാനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറു മാസക്കാലം മീൻ കൃഷിയും ബാക്കി ആറു മാസം നെൽകൃഷിയുമാണ് നടത്തേണ്ടത്. എന്നാൽ നെൽകൃഷിക്ക് ജോലിക്കാരെ കിട്ടാതായതോടെ 12 മാസവും ഇപ്പോൾ മത്സ്യകൃഷിയാണ് നടത്തുന്നത്.

ഇന്നലെ വഞ്ചിയിലും നീട്ടു വലയിലും ചൂണ്ടയുമായി നിരവധി പേരാണ് മീൻപിടിക്കാനെത്തിയത്. എന്നാൽ കഴിഞ്ഞ വർഷത്തേതിലും മീൻ കുറവാണെന്ന് മത്സ്യ വ്യാപാരികൾ പറയുന്നു. സാധാരണ മാർക്കറ്റിലെ വിലയാണ് ഇന്നലെ ഈടാക്കിയത്. കായലിൽ പ്രത്യേകം തയ്യാറാക്കിയ കെട്ടിൽ വളർത്തുന്ന കരിമീൻ, കാളാഞ്ചി, തിലോപിയ എന്നീ മീനുകൾ ഈസ്റ്റർ, വിഷു എന്നിവയോടെ പുറത്തെടുക്കുന്നതാണ് രീതി. വരും ദിവസങ്ങളിൽ സമീപത്തുള്ള കെട്ടുകളിലെ കലക്കൽ ഉത്സവം നടക്കും. ഇതറിഞ്ഞ് പശ്ചിമകൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി പേരാണ് കളത്തറ കായലിൽ മീൻ വാങ്ങിക്കാൻ എത്തുന്നത്.