
കൊച്ചി: ഭരണഘടനാ ശില്പിയും പിന്നാക്ക സമൂഹത്തിന്റെ വിമോചകനുമായ ഡോ.ബി.ആർ.അംബേദ്കറിന്റെ അർദ്ധകായ പ്രതിമയെ ചൊല്ലി വൈപ്പിൻ എടവനക്കാട് പഞ്ചായത്തിൽ വിവാദം പുകയുന്നു.
നാലാം വാർഡിലെ മേത്തറ കോളനിക്ക് സമീപം മേത്തറ ഫിഷർചിറ റോഡിലെ പൊതുഭൂമിയിൽ 2016ൽ സ്ഥാപിച്ച പ്രതിമയാണ് അന്നത്തെ പഞ്ചായത്ത് അധികൃതർ പൊളിച്ചുകൊണ്ടുപോയത്. പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുറിയുടെ മൂലയ്ക്ക് ഇത്രയും കാലം മൂടിയിട്ടിരിക്കുകയായിരുന്നു. പ്രതിമ തിരികെ ലഭിക്കാനായി എടവനക്കാട് പട്ടികജാതി സംഘടനകളുടെ പ്രക്ഷോഭത്തിന് കളമൊരുങ്ങുകയാണ്.
1946ൽ പട്ടികജാതിക്കാരുടെ ക്ഷേമപദ്ധതിക്കായി നീക്കിവച്ച 72 സെന്റ് സ്ഥലത്ത് ഏഴ് പതിറ്റാണ്ടായിട്ടും ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. 2016ൽ കോളനി പ്രദേശത്തെ യുവാക്കൾ ചേർന്ന് ഒരു ലക്ഷത്തോളം രൂപ മുടക്കി ഇവിടെ അംബേദ്കറുടെ അർദ്ധകായ പ്രതിമ സ്ഥാപിക്കുകയും ലൈബ്രറി നിർമ്മിക്കുകയും ചെയ്തു. ഇവിടെ പട്ടികജാതി ക്ഷേമത്തിനായി സൗകര്യങ്ങൾ ചെയ്യുകയോ കളിസ്ഥലമെങ്കിലും ആക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പഞ്ചായത്തിനും സർക്കാരിനും നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് പട്ടികജാതി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.
വൻ പൊലീസ് സന്നാഹത്തോടെ പ്രതിഷേധങ്ങൾ അവഗണിച്ചാണ് പഞ്ചായത്ത് പ്രതിമ പൊളിച്ചുമാറ്റുകയും ലൈബ്രറി കെട്ടിടം പൊളിക്കുകയും ചെയ്തത്. ഈയിടെ പ്രശ്നം വീണ്ടും ചൂടുപിടിച്ചപ്പോൾ പ്രതിമ പഞ്ചായത്തിന് മുന്നിൽ സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി തുടങ്ങി.
മൂത്തകുന്നത്തെ ശില്പിയായ സുരേഷാണ് 2016ൽ ഡോ.അംബേദ്കറിന്റെ പ്ളാസ്റ്റർ ഒഫ് പാരീസിൽ പ്രതിമ നിർമ്മിച്ചത്. തങ്ങൾ നിർമ്മിച്ച പ്രതിമ തിരികെ വേണമെന്ന ആവശ്യവുമായി പട്ടികജാതി ഏകോപന സമിതി രംഗത്ത് വന്നതോടെയാണ് പ്രശ്നം വീണ്ടും ഉയർന്നുവന്നത്.
72 സെന്റ് സ്ഥലത്തേക്ക് വാഹനങ്ങൾക്ക് കടന്നുചെല്ലാനുള്ള വഴി സൗകര്യമില്ലെന്നും കുറേഭാഗം വെള്ളക്കെട്ടാണെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. അതുകൊണ്ടാണ് പദ്ധതികൾ നടപ്പാക്കാൻ ഇപ്പോൾ ശ്രമിക്കാത്തതെന്നും മറ്റ് പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണെന്നും അധികൃതർ പറയുന്നു.
പ്രതിമ പഞ്ചായത്തിൽ സ്ഥാപിക്കും
ഡോ.അംബേദ്കറോടുള്ള ബഹുമാനാർത്ഥം പ്രതിമ പഞ്ചായത്തിന് മുന്നിൽ സ്ഥാപിക്കും. ഇതിന് ഗ്രാമസഭകളുടെ ഉൾപ്പടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രതിമ പഞ്ചായത്തിലെ ഒരു മുറിയിൽ സൂക്ഷിക്കേണ്ടതല്ല. പ്രതിമ ആവശ്യപ്പെട്ട് പഞ്ചായത്തിനെ ആരും സമീപിച്ചിട്ടില്ല. സർക്കാർ, കോടതി നിർദ്ദേശങ്ങളുണ്ടായാൽ ഉടൻ മടക്കി നൽകാം. 52,000 രൂപ മുടക്കി പ്രതിമ സ്ഥാപിക്കാനുള്ള തറയും തയ്യാറാക്കി, പ്രതിമയും വച്ചു. അനാച്ഛാദന തീയതി നിശ്ചയിച്ചിട്ടില്ല.
വി.കെ.ഇബ്രാഹിം
വൈസ് പ്രസിഡന്റ്
എടവനക്കാട് പഞ്ചായത്ത്