ആലുവ: മുപ്പത്തടം മേഘാലയ ചെറുപുറത്തിൽ ഫോം കിടക്ക നിർമ്മാണ യൂണിറ്റിൽ വൻ അഗ്നിബാധ. ഫോം കിടക്കകളും അസംസ്കൃത വസ്തുക്കളും കെട്ടിടവുമടക്കം കത്തിനശിച്ചു. മൂന്ന് ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. ഏലൂക്കര കീരംപിള്ളിയിൽ തൂവക്കാട്ടിൽ ഷാജിയുടെ ഉടമസ്ഥതയിൽ മേഘാലയ ഏലൂക്കര റോഡരികിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ട് 3 മണിക്ക് പടർന്ന തീ മിനിറ്റുകൾക്കുള്ളിൽ കമ്പനിയിലാകെ വ്യാപിച്ചു. നൂറുകണക്കിനു കിടക്കകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമേ കമ്പനിയിലുണ്ടായിരുന്നുള്ളൂ. ഏലൂരിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടർന്ന് ഏലൂരിൽ നിന്നും ആലുവയിൽ നിന്നും രണ്ട് യൂണിറ്റുകൾ കൂടി എത്തി രണ്ട് മണിക്കൂറിനകം തീയണച്ചു. 10 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.