kk
വായ്ക്കര ഗവ. യു.പി സ്കൂളിന് മുൻവശത്ത് തടസമായി നിൽക്കുന്ന കുഴൽക്കിണർ.

കുറുപ്പംപടി: വായ്ക്കര ഗവ. യു.പി സ്കൂളിന്റെ മുൻവശത്ത് വർഷങ്ങളായി ആർക്കും ഉപകാരമില്ലാതെ നിൽക്കുന്ന കുഴൽക്കിണർ പാരയാകുന്നു. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി മുൻവശത്തെ മതിലും കമാനവും നിർമ്മാണം പൂർത്തിയായപ്പോൾ മുൻവശത്ത് നിൽക്കുന്ന കുഴൽക്കിണർ സുഗമസഞ്ചാരത്തിന് ഇപ്പോൾ വലിയ തടസം സൃഷ്ടിക്കുന്നു. കാൽനൂറ്റാണ്ടുമുമ്പ് കുടിവെള്ള പദ്ധതിക്കുവേണ്ടി താഴ്ത്തിയതാണിത്. ഇപ്പോൾ ആർക്കും ഉപയോഗമില്ലാതെ വാഹനം വന്നിടിച്ച് ഒടിഞ്ഞുതൂങ്ങിക്കിടക്കുകയാണ്.

പദ്ധതിയുടെ പേരുപറഞ്ഞ് സ്ഥാപിച്ചതല്ലാതെ തുള്ളി വെള്ളംപോലും ആർക്കും ചാമ്പിയെടുക്കുവാൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ നവീകരണത്തിനുശേഷം റോഡിന്റെ വശങ്ങൾക്ക് വീതികൂടുകയും ഈഭാഗം നല്ല രീതിയിൽ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ സൈഡ് ചേർന്ന് പോകുമ്പോൾ റോഡിനോടുചേർന്ന് നിൽക്കുന്ന കുഴൽക്കിണറിൽ വാഹനങ്ങൾ ഇടിക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുകയാണ്.

തടസമായി നിൽക്കുന്ന കുഴൽക്കിണർ എത്രയും വേഗം അധികൃതർ ഇടപെട്ട് ഇവിടെനിന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.

സ്കൂൾ നവീകരണത്തിന് ഭാഗമായി ഈ ഭാഗം വൃത്തിയാക്കിയപ്പോൾ കുഴൽകിണർ ഇവിടെ തടസ്സമായി വന്നിരിക്കുകയാണ്. ഇവിടം നേരത്തെ കാടുപിടിച്ച് കിടന്നതിനാൽ കുഴൽക്കിണർ ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല നിലവിൽ സ്കൂൾ കുട്ടികൾക്കും വാഹനങ്ങൾക്കും ഒരുപോലെ തടസം സൃഷ്ടിക്കുന്നു. എത്രയുംവേഗം ഇത് ഇവിടെനിന്ന് നീക്കംചെയ്യണം.

വി.വി. എൽദോസ്,

പി.ടി.എ പ്രസിഡന്റ്,

വായ്ക്കര ഗവ. യു.പി സ്കൂൾ

ഉപയോഗശൂന്യമായിക്കിടക്കുന്ന കുഴൽക്കിണർ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ട അടിയന്തരനടപടി അധികൃതർ സ്വീകരിക്കണം.

കെ.എൻ. ഹരിദാസ്

സെക്രട്ടറി, വായ്ക്കര പബ്ലിക് ലൈബ്രറി

ഉപയോഗശൂന്യമായിക്കിടക്കുന്ന കുഴൽക്കിണറുകൾ അപകടകരമല്ലാത്ത വിധത്തിൽ നീക്കംചെയ്യുന്നതിനു വേണ്ടി അതാതു സ്ഥലത്തെ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എൻ പി അജയകുമാർ,

പ്രസിഡന്റ് രായമംഗലം

ഗ്രാമപഞ്ചായത്ത്