photo
നവീകരിച്ച വൈപ്പിൻ - പള്ളിപ്പുറം റോഡ്

വൈപ്പിൻ: ബി.എം ബി.സി മാനദണ്ഡത്തിൽ നവീകരിച്ച വൈപ്പിൻ പള്ളിപ്പുറം - റോഡ് 31ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ നാടിന് സമർപ്പിക്കുന്നത്.

തത്സമയം കുഴുപ്പിള്ളി സർവീസ് സഹകരണബാങ്ക് പരിസരത്തു നടക്കുന്ന ചടങ്ങിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഫലകം അനാവരണം ചെയ്യും. ഹൈബി ഈഡൻ എം.പി , മുൻ മന്ത്രി എസ്. ശർമ്മ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, എക്‌സിക്യുട്ടീവ് എൻജിനീയർ സി.എം. സ്വപ്‌ന, ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.

വൈപ്പിൻ ജെട്ടി മുതൽ മുനമ്പം ജെട്ടിവരെ 25.50 കിലോമീറ്റർ നീളത്തിൽ 20 കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ പരമാവധി റോഡ് സുരക്ഷ ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു.