മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ അച്ചൻകവലയിൽ പാതയോരത്തെ തണൽമരങ്ങൾ മുറിച്ചു. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന അച്ചൻകവലയ്ക്ക് സമീപമാണ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തണൽമരങ്ങൾ മുറിച്ചുമാറ്റിയത്. പാതയോരത്ത് വർഷങ്ങളായി തണലേകിയിരുന്ന രണ്ട് തണൽ മരങ്ങളാണ് നശിപ്പിച്ചത്. അവധിദിനമായ ഞായറാഴ്ച രാവിലെയാണ് മരങ്ങൾ മുറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സമീപവാസികൾ വാഴക്കുളം പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മരംമുറിയ്ക്കൽ തടയുകയായിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെയാണ് മരംമുറിച്ച് മാറ്റുന്നതെന്നാണ് ബന്ധപ്പെട്ടവർ പൊലീസിനെ അറിയിച്ചതെങ്കിലും അനുമതിപത്രം ഹാജരാക്കിയില്ല. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പരാതി നൽകി.