p
വണ്ടിക്ക് ചുറ്റും വികസനം...കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഇരുവശത്തുമുള്ള സ്‌റ്റേഡിയം ലിങ്ക് റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾ ഒഴിവാക്കി ടാർ ചെയ്തനിയിൽ. വൈറലായി കൊച്ചി കോർപ്പറേഷൻ നടത്തിയ ടാറിംഗ് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്

 റോഡരുകിൽ പാർക്ക് ചെയ്ത വാഹനങ്ങൾ ഒഴിവാക്കി ടാർ ചെയ്തത് വൈറലായി

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഇരുവശത്തുമുള്ള സ്‌റ്റേഡിയം ലിങ്ക് റോഡിൽ കൊച്ചി കോർപ്പറേഷൻ നടത്തിയ ടാറിംഗ് ലോക കോമഡിയായി!

സമൂഹമാദ്ധ്യമങ്ങളിൽ പറക്കുകയാണ് ദൃശ്യങ്ങൾ.

35 ലക്ഷം രൂപ മുടക്കി ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തപ്പോൾ വഴിയരികിൽ പാർക്ക് ചെയ്ത കാറുകൾ മുതൽ പിക്കപ്പുകൾ വരെയുള്ള ഏഴ് വാഹനങ്ങൾ കിടന്നയിടം ഒഴിവാക്കി 'മാതൃക" കാട്ടുകയായിരുന്നു കരാറുകാരും കോർപ്പറേഷനും. വഴിയോരത്ത് നാളുകളായി കിടന്ന വണ്ടികളാണ് പലതും. ഇതുവഴി പോകുന്നവരെല്ലാം ഫോട്ടോയെടുക്കുന്നുണ്ട്.

കാരണക്കോടം ജംഗ്ഷനിൽ നിന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻവരെ

440 മീറ്ററിലായിരുന്നു ടാറിംഗ്. കാലടി മേരീസദൻ പ്രോജക്ട്‌സിനാണ് കരാർ. കോർപ്പറേഷന്റെ സൂപ്പർവൈസർമാർ മേൽനോട്ടത്തിനുമുണ്ടായിരുന്നു.

നാലുതവണ കോർപ്പറേഷന് കത്ത് നൽകിയിട്ടും വാഹനങ്ങൾ മാറ്റി കിട്ടിയില്ലെന്നാണ് കരാർ കമ്പനിയുടെ പ്രതിനിധി പറഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കുംമുമ്പ് പണി തീർക്കാനുള്ള തത്രപ്പാടിലായിരുന്നുവത്രെ ഇരുകൂട്ടരും.

കൈമലർത്തി എൻജിനിയറിംഗ് വിഭാഗം
വാഹനങ്ങൾ നീക്കണമെന്ന് കരാറുകാരോട് നിർദേശിച്ചിരുന്നു. അവരാണ് അത് ചെയ്യേണ്ടതെന്നാണ് കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ വാദം.

വാഹനങ്ങൾ അടിയന്തരമായി നീക്കി ഈ ഭാഗം ഉടനെ ടാർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
വി.എച്ച്.നിധീഷ്,​
അസിസ്റ്റന്റ് എൻജിനീയർ
കോർപ്പറേഷൻ ടാറിംഗ് വിഭാഗം

മാറ്റേണ്ടത് കരാറുകാർ

വാഹനങ്ങൾ മാറ്റേണ്ട ഉത്തരവാദിത്വം കരാറുകാരനാണ്. കോർപ്പറേഷൻ മാറ്റേണ്ട കാര്യമില്ല. മാറ്റുകയുമില്ല.

ജോർജ് നാനാട്ട്,​

ഡിവിഷൻ കൗൺസിലർ

ഇനി എന്ത്....

സർഫസ് ടാറിംഗ് കൂടി അവശേഷിക്കുന്നുണ്ട്. അപ്പോൾ വാഹനങ്ങൾ തള്ളി മാറ്റിയിട്ട് ഇവിടെ വീണ്ടും ടാർ ചെയ്യും.

 ഇങ്ങനെ ചെയ്യുന്നത് ടാറിംഗ് നിലവാരത്തെയും റോഡിന്റെ ആയുസിനെയും ബാധിക്കും.

 റോഡിലെ തടസങ്ങൾ മാറ്റിനൽകേണ്ട പൂർണ ഉത്തരവാദിത്വം കോർപ്പറേഷനാണ്. മാറ്റിയില്ലെങ്കിൽ 24 മണിക്കൂർ നോട്ടീസ് നൽകിയ ശേഷം ഡംപിംഗ് യാർഡിലേക്ക് നീക്കാം.