gopikottamurikkal
സംയുക്ത സമരസമതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന പൊതു സമ്മേളനത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സംസാരിക്കുന്നു

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷകദ്രോഹ ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത ദ്വിദിന ദേശിയ പണിമുടക്ക് മൂവാറ്റുപുഴയിൽ പൂർണം. എല്ലാവിഭാഗം തൊഴിലാളികളും കെ.എസ്.ആർ.ടി.സി, സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ബാങ്ക് ജീവനക്കാരും സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കിയതിനാൽ മൂവാറ്റുപുഴ നഗരം ഹർത്താലിന്റെ പ്രതീതിയിലായിരുന്നു. സ്വകാര്യ ബസുകളും ടാക്‌സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. വർക്ക് ഷോപ്പുകളും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടിയത്.

വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നില്ല. പണിമുടക്കിയ തൊഴിലാളികളും കർഷകരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ പ്രകടനം നടത്തി. മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. പൊതുസമ്മേളനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ബാബുപോൾ, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, എസി.ടി.യു ജില്ലാ സെക്രട്ടറി കെ.എം. അനസ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പി.ജോർജ്, എൻ.സി.പി പ്രസിഡന്റ് വിൽസൺ നെടുംകല്ലേൽ, കെ.ജി. അനിൽകുമാർ, പി.എം. ഇബ്രാഹിം, കെ.എ. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.