 പള്ളിക്കരയിലും പെരിങ്ങാലയിലും കടകൾ തുറന്നു

കോലഞ്ചേരി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്ക് കുന്നത്തുനാട്ടിൽ ഭാഗികം. ബസ്, ടാക്‌സി, ഓട്ടോ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തിനാൽ ഗ്രാമ, നഗരപ്രദേശങ്ങൾ പൂർണമായും നിശ്ചലമായി. കൊച്ചി ബി.പി.സി.എല്ലിൽ സമരാനുകൂലികൾ ജീവനക്കാരുടെ വാഹനംതടഞ്ഞു. പള്ളിക്കരയിൽ പൊലീസ് സംരക്ഷണയിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെ സമരക്കാർ പ്രതിഷേധപ്രകടനം നടത്തി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് നേരെ കൈയേ​റ്റശ്രമവുമുണ്ടായി.

കടകൾ തുറന്ന് പ്രവർത്തിക്കാൻ ഹൈക്കോടതിയെ സമീപിച്ചതിനെതുടർന്ന് പള്ളിക്കരയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുവാൻ കുന്നത്തുനാട് സർക്കിൾ ഇൻസ്‌പെക്ടർ വി.ടി. ഷാജന്റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്തുണ്ട്. അതേസമയം വർഷങ്ങളായി പണിമുടക്കുകളോ ഹർത്താലോ ബാധിക്കാത്ത പെരിങ്ങാലയിൽ സാധാരണപോലെ കടകൾ പ്രവർത്തിച്ചു.

കിഴക്കമ്പലത്തും കോലഞ്ചേരിയിലും പട്ടിമറ്റത്തും കരിമുകളിലും സമരം പൂർണമായിരുന്നു. കിഴക്കമ്പലം കി​റ്റെക്‌സ് കമ്പനിയുടെ തൊഴിലാളികളുമായിവന്ന വാഹനം സമരാനുകൂലികൾ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് കടത്തിവിട്ടു. കോലഞ്ചേരിയിൽ രാവിലെ തന്നെ പെട്രോൾ പമ്പുകൾ തുറന്നെങ്കിലും സമരാനുകൂലികൾ അടപ്പിച്ചു. മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടന്ന കൈയേറ്റശ്രമത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി പ്രതിഷധിച്ചു.