
കൊച്ചി: മത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഘടിത പരിപാടികൾ ആവിഷ്‌കരിക്കുന്നതിന് കേരള മത്സ്യമേഖല സംരക്ഷണസമിതി രൂപീകരിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി മത്സ്യമേഖലയുടെ ക്ഷേമത്തിന് പ്രവർത്തിക്കുകയാണ് ലക്ഷ്യം. മത്സ്യമേഖലയുടെ സംരക്ഷണത്തിനായ പൊതു മിനിമം പരിപാടിക്ക് രൂപം നൽകി.
ഭാരവാഹികളായി വി. ദിനകരൻ (ചെയർമാൻ), ജോസഫ് സേവ്യർ (വൈസ് ചെയർമാൻ), അഡ്വ. ഷെറി ജെ. തോമസ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എൽ.സി.എ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ടി.എ. ഡാൽഫിൻ, ധീവരസഭ ഭാരവാഹികളായ ടി.കെ. സോമനാഥൻ, കെ.കെ. തമ്പി, പി.എം. സുഗതൻ, ഫിഷിംഗ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ, കേരള മത്സ്യത്തൊഴിലാളി ഫോറം ജനറൽ സെക്രട്ടറി ബേസിൽ മുക്കത്ത് എന്നിവർ പ്രസംഗിച്ചു.
ആവശ്യങ്ങൾ
2018ലെ കെ.എം.എഫ്.ആർ ആക്ട് ഭേദഗതി നിയമവും 2021ലെ മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലന നിയമവും 2021ലെ ഉൾനാടൻ മത്സ്യ ബന്ധനവും അക്വാകൾച്ചറും നിയമവും പിൻവലിക്കുക. മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം മാനിച്ചു പുതിയ നിയമങ്ങൾ നിർമ്മിക്കുക
മത്സ്യത്തൊഴിലാളി ക്ഷേമനിധി അനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക. പുതിയ ആനുകൂല്യങ്ങൾ നൽകുക
മത്സ്യഫെഡിനെ ശാക്തീകരിച്ച് കൂടുതൽ അനുകൂല്യങ്ങൾ നൽകുക
തീരദേശനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കുക. ടൂറിസം പദ്ധതികൾ തൊഴിലാളി സംഘടനകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുക
ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് ഡ്രഡ്‌ജ് ചെയ്‌തെടുക്കുന്ന എക്കലും ചെളിയും തീരം സംരക്ഷിക്കുന്നതിന് ഉപയോഗിക്കുക
പുനർഗേഹം പദ്ധതിക്ക് തീരദേശവാസികളെ നിർബന്ധപൂർവ്വം കുടിയിറക്കരുത്. ഒഴിപ്പിക്കുമ്പോൾ ദേശീയപാതക്ക് സമാനമായ നഷ്ടപരിഹാരം നൽകുക
കുട്ടനാട് പാക്കേജിലെ മത്സ്യമേഖലയെ സംബന്ധിക്കുന്ന ശുപാർശകൾ നടപ്പാക്കുക
മത്സ്യത്തിൽനിന്ന് മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ വഴി നടപ്പാക്കുക
പ്രകൃതിക്ഷോഭം മൂലവും മത്സ്യസമ്പത്തിന്റെ കുറവും മൂലം തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് നടപ്പാക്കുക
1976ലെ മാരിടൈം സോൺ നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സമുദ്രാതിർത്തി 50 നോട്ടിക്കൽ മൈലാക്കുക
പ്രതിരോധമന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് തീരവും തീരദേശവാസികളേയും സംരക്ഷിക്കുക
മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ പട്ടികജാതിയിലോ പട്ടികവർഗത്തിലോ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുക