harsha

‘കൊച്ചി: പ്രകൃതി​സംരക്ഷണം ഹർഷയ്ക്ക് ജീവിതം തന്നെയാണ്. ഐ.ടി​ രംഗത്തെ ജോലി​ ഉപേക്ഷി​ച്ച്, ഉറ്റവരുടെ എതി​ർപ്പ് അവഗണി​ച്ച് പ്രകൃതി​ സൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണരംഗത്തി​റങ്ങി​യ യുവസംരംഭക ഹർഷ പുതുശേരിയുടെ 'ഐറാലൂം' രചി​ക്കുന്നത് വി​ജയഗാഥ.

അമേരിക്കയും ഇംഗ്ലണ്ടും ഐറാലൂം ഉത്പന്നങ്ങളെ ഏറ്റെടുത്തു. മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കോഴിക്കോട്ടുകാരി. ചണവും മുളയും കൊണ്ട് നി​ർമ്മി​ച്ചവയാണ് പ്രധാന ഉത്പന്നങ്ങൾ.

വി​ദേശ ഓർഡറുകൾ എത്തി​യതോടെ സ്ഥാപനം സാമ്പത്തി​കമായും മെച്ചപ്പെട്ടു. കോഴിക്കോട് തുടക്കമിട്ട ഐറാലൂമി​ന് കൊച്ചിയിലും തിരുവനന്തപുരത്തും ശാഖകളായി​. 100ലധികം കലാകാരന്മാരെ ഒരു കുടക്കീഴിയിൽ ചേർത്തുനിർത്തിയതും വി​ജയത്തി​ന് തുണയായി​. കോഴിക്കോട് ഈയാട് സ്വദേശി രാജന്റെയും അനിതയുടെയും മകളാണ് ബി​.ടെക് ബയോടെക്നോളജി​ക്കാരിയായ 29കാരി​ ഹർഷ. സഹോദരൻ നിഥിൻ.


 മുളപ്പേന, കോട്ടൺ ബാഗ്

ചണം, മുള, കടലാസ്, പരുത്തി​, ചിരട്ട എന്നിവ കൊണ്ടുള്ളവയായി​രുന്നു ആദ്യ ഉത്പന്നങ്ങൾ. കോട്ടൺ​ ബാഗിനും മുളപ്പേനകൾക്കുമാണ് കൂടുതൽ ഡി​മാൻഡ്. കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, ഗിഫ്റ്റ് ഐറ്റംസ്, ഓഫീസ് ഉത്പന്നങ്ങൾ എന്നിവയും നിർമ്മിക്കുന്നുണ്ട്.

 വഴിമാറ്റി പുരസ്‌കാരം
സ്‌ക്രാപ്പ് പെയിന്റിംഗി​ൽ 2016ൽ ലഭിച്ച ദേശീയ പുരസ്‌കാരമാണ് ഐ.ടി രംഗം വിട്ട് സംരംഭകയുടെ കുപ്പായമിടാൻ ഹർഷയെ പ്രേരിപ്പിച്ചത്. പെൻസിൽ അവശിഷ്ടങ്ങൾകൊണ്ട് രണ്ട് മീറ്റർ നീളത്തിൽ ഒരുക്കിയ പെയിന്റിംഗ് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്‌സിൽ ഇടം കണ്ടെത്തി. ഇത്തരം ചിത്രപ്രദർശനത്തിന് തയ്യാറെടുക്കുകയാണ് ഹർഷ. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഐറാലൂം. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ വിമെൻ ഇൻക്യുബേഷൻ, സ്റ്റാർട്ടപ്‌സ് ആൻഡ് എന്റർപ്രണർഷിപ്പ് പദ്ധതിയിലും ഉൾപ്പെട്ടിട്ടുണ്ട്‌.

പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ മികച്ച ഗുണനിലവാരത്തോടെ എത്തിക്കുന്നതിനൊപ്പം സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയുമാണ് ലക്ഷ്യം.
ഹർഷ പുതുശേരി​