
കൊച്ചി: കൊവിഡിനു പിന്നാലെ റഷ്യ- യുക്രെയിൻ യുദ്ധം മൂർച്ഛിച്ചതോടെ ആഗോളതലത്തിൽ അച്ചടിമാദ്ധ്യമങ്ങളെ പ്രതിസന്ധിയിലാക്കി ന്യൂസ്‌പ്രിന്റ് വില വർദ്ധിച്ചത് ഇരട്ടിയിലേറെ. 2019ൽ ടണ്ണിന് 450 ഡോളറായിരുന്ന വില ഈ വർഷം 950 ഡോളറിലേക്ക് കത്തിക്കയറി. ഉത്പാദനത്തിലെ ഇടിവും വിതരണശൃംഖലയിൽ വന്ന തടസ്സവും കാരണം വരുംനാളുകളിലും വില കുതിക്കാനാണ് സാദ്ധ്യത.
ഇന്ത്യയിലേക്കുള്ള പത്രക്കടലാസിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത് റഷ്യയിൽ നിന്നാണ്. യുദ്ധത്തെ തുടർന്ന് റഷ്യയിലേക്കും തിരിച്ചുമുള്ള ഇടപാടുകൾ ഷിപ്പിംഗ് കമ്പനികൾ നിറുത്തിയത് ഇറക്കുമതിയെ സാരമായി ബാധിച്ചു. റഷ്യൻ ബാങ്കുകളെ ആഗോള പണമിടപാട് ശൃംഖലയായ 'സ്വിഫ്റ്റിൽ' നിന്ന് പുറത്താക്കിയതും തിരിച്ചടിയായി. ന്യൂസ്‌പ്രിന്റ് നിർമ്മാണത്തിൽ 30 ശതമാനം പങ്കുവഹിക്കുന്ന പ്രകൃതിവാതകം, കൽക്കരി എന്നിവയുടെ വിലവർദ്ധനയും പ്രതിസന്ധിക്ക് ആക്കംകൂട്ടി.
ഇന്ത്യയിലേക്കുള്ള പത്രക്കടലാസിന്റെ 40 ശതമാനം എത്തുന്ന കാനഡയിൽ കൊവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരായ സമരം മൂലം ഉത്പാദനവും വിതരണവും തടസപ്പെട്ടതാണ് ഇറക്കുമതിയെ ബാധിച്ച മറ്റൊരു ഘടകം.
ഇന്ത്യയിലേക്കുള്ള ഗ്ളോസി ന്യൂസ്പ്രിന്റിന്റെ 60 ശതമാനവും വന്നിരുന്നത് ഫിൻലൻഡിൽ നിന്നാണ്. ജനുവരി മുതൽ ഫിൻലൻഡിലെ യു.പി.എം കമ്പനിയിൽ തൊഴിലാളിസമരം നടക്കുന്നതിനാൽ അവിടെ നിന്നുള്ള വരവും നിലച്ചു.
വില മേലോട്ട്
ഇന്ത്യയിലേക്ക് കടൽമാർഗമുള്ള ചരക്കുനീക്ക ഫീസ് രണ്ടുവർഷത്തിനിടെ കൂടിയത് അഞ്ചുമടങ്ങോളം. ചൈനയിലെ പ്രധാന തുറമുഖമായ ഷെൻചെൻ കൊവിഡ് ലോക്ക്ഡൗണിൽപ്പെട്ടതിനാലും വടക്കൻ യൂറോപ്പിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാതയിൽ യുദ്ധം മൂലം തടസമുള്ളതിനാലും വരുംദിനങ്ങളിലും ഫീസ് കൂടും. ന്യൂസ്‌പ്രിന്റടക്കം മിക്ക ഇറക്കുമതി ഉത്‌പന്നങ്ങൾക്കും വില കൂടാൻ ഇതിടയാക്കും.
ഇന്ത്യയിൽ ആഭ്യന്തര ന്യൂസ്‌പ്രിന്റ് ഉത്പാദനവും കുറഞ്ഞു
ന്യൂസ്‌പ്രിന്റ് ഫാക്‌ടറികളിൽ മിക്കവയും ഇപ്പോൾ ശ്രദ്ധിക്കുന്നത് പാക്കേജിംഗ് ഉത്പന്നങ്ങളിൽ
ന്യൂസ്‌പ്രിന്റ് ഉത്പാദിപ്പിക്കുന്നവയാകട്ടെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും കാരണം വലയുന്നു.
പാഴ്ക്കടലാസ് സംസ്കരിച്ച് പത്രക്കടലാസ് നിർമ്മിക്കുന്നതും കുറഞ്ഞു
കൊവിഡിലെ തിരിച്ചടി
കൊവിഡും ലോക്ക്ഡൗണും മൂലം ഫാക്‌ടറികൾ അടഞ്ഞതും വിതരണശൃംഖല താളംതെറ്റിയതും ഉപഭോഗം കുറഞ്ഞതും ആഗോളതലത്തിൽ പത്രക്കടലാസ് ഉത്പാദനത്തെ ബാധിച്ചു.
ആഗോള ഉത്‌പാദനം
2017 ൽ 23.8 മില്യൺ ടൺ
2022 ൽ 13.6 മില്യൺ ടൺ.
50%
ദിനപത്രം അച്ചടിച്ച് പുറത്തിറക്കുന്നതിൽ 50 ശതമാനത്തോളം ചെലവും ന്യൂസ്‌പ്രിന്റ് വിലയാണ്. പത്രം അച്ചടിക്കാനുള്ള മഷി, അലുമിനിയം പ്ലേറ്റ് എന്നിവയ്ക്കും തീവിലയാണ്.
4 മാസം, വിലവർദ്ധന ₹23,000
കഴിഞ്ഞ നാലുമാസത്തിനിടെ മാത്രം പത്രക്കടലാസ് വിലയിലുണ്ടായ വർദ്ധന ടണ്ണിന് 23,000 രൂപ. അഞ്ചു ശതമാനം ജി.എസ്.ടി കൂടിച്ചേരുമ്പോൾ വിലവർദ്ധന 24,150 രൂപ.
കണക്ക് ഇങ്ങനെ: (വില ടണ്ണിന്)
ഡിസംബർ 14 : ₹50,925
ഫെബ്രുവരി 01 : ₹51,975
ഫെബ്രുവരി 21 : ₹54,075
മാർച്ച് 05 : ₹56,175
മാർച്ച് 15 : ₹58,275
മാർച്ച് 23 : ₹61,425
ഏപ്രിൽ 01 : ₹67,7255*
ഏപ്രിൽ 05 : ₹75,075*
(*ഈ ദിവസങ്ങളിൽ നടപ്പാകുന്ന പുതിയ വില)