kklm

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തിയ ഹെഡ്മിസ്ട്രസ് ആർ.വത്സലാദേവി വിരമിക്കുന്നു. അടുത്ത അദ്ധ്യയനവർഷത്തേക്ക് ഒന്നാംക്ലാസിൽ 100 കുട്ടികളെ ചേർത്താണ് പടിയിറക്കം.

ആറുവർഷംകൊണ്ട് മൂന്നു കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ടീച്ചറുടെ നേതൃത്വത്തിൽ നടന്നത്. പഠനനിലവാരത്തിലും മികവുണ്ടായി. എസ്.ഇ.ആർ.ടിയുടെ പഠന പരിപോഷണ പരിപാടിയിലെ മികവ് പുരസ്കാരം, കൂടുതൽ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ, രണ്ടുതവണ ജില്ലാതല പി.ടി.എ പുരസ്കാരം,​ പി.ടി.എ സംസ്ഥാന പുരസ്കാരം,​ പുതിയ മൂന്ന് സ്കൂൾ ബസുകൾ തുടങ്ങിയവ ശ്രദ്ധേയ നേട്ടങ്ങളാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടിയുടെ എട്ട് ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തിയാവുന്നു.

കിഫ്ബിയിൽ നിന്നുള്ള ഒരുകോടി മുടക്കി 11 ക്ലാസ് മുറികളുടെ ടെൻഡർ നടപടി പൂർത്തിയാക്കി. രണ്ട് നിലകളിലായി ടോയ്‌ലറ്റ് സമുച്ചയവും പൂർത്തിയായി. മാതൃകാ പ്രീ-പ്രൈമറി നവീകരണം ഏപ്രിലിൽ പൂർത്തിയാകും. 960 കുട്ടികളാണ് സ്കൂളിലുള്ളത്. വൈകാതെ ഇത് ആയിരമാകുമെന്നാണ് പ്രതീക്ഷയെന്ന് പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് ടി.വി. മായ, സ്റ്റാഫ് സെക്രട്ടറി എലിസബത്ത് പോൾ എന്നിവർ പറഞ്ഞു.