p

കൊച്ചി: മൂന്നാറിലെ പട്ടയഭൂമിയിൽ വാണിജ്യ സ്വഭാവത്തിലുള്ള നിർമ്മാണങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മൂന്നാറിലെ എട്ടു വില്ലേജുകളിൽ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഉത്തരവ് വിവേചനപരമാണെന്നാരോപിച്ച് അതിജീവന പോരാട്ടവേദി നൽകിയ ഹർജിയിൽ ഇടുക്കി കളക്ടർ ഷീബ ജോർജ്ജാണ് മറുപടി സത്യവാങ്മൂലം നൽകിയത്. ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി വില്ലേജുകളിലാണ് നിയന്ത്രണം. കൃഷിക്കും താമസത്തിനുമായി പതിച്ചു നൽകുന്ന ഭൂമിയിൽ വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കുന്നതു പട്ടയഭൂമിയുടെ ദുരുപയോഗമാണെന്നും തടയേണ്ടതാണെന്നും കളക്‌റുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വന്തമായി വീടുള്ളവർക്ക് പട്ടയഭൂമിയിൽ മറ്റൊരു വീടു കൂടി വയ്ക്കാൻ അനുമതി നിഷേധിക്കുന്നത് ന്യായമല്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇങ്ങനെ നിർമ്മിക്കുന്ന വീടുകൾ ഹോം സ്റ്റേയായും മറ്റും ഉപയോഗിക്കുന്നതായി കളക്ടർ വിശദീകരിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ഹർജി സമാനവിഷയത്തിലുള്ള മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.