kpl

കോലഞ്ചേരി: ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മൈതാനങ്ങളിൽ വീണ്ടും ആരവമുയരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കുന്നത്തുനാട് പ്രീമിയർ ലീഗ് (കെ.പി.എൽ) മത്സരങ്ങൾക്കാണ് പട്ടിമറ്റത്ത് വരുന്ന 10ന് തുടക്കമാകുന്നത്.

കുന്നത്തുനാട‌് നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുക്കും. രജിസ്റ്റർ ചെയ്ത 400ലേറെ താരങ്ങളിൽ നിന്നാണ് കളിക്കളത്തിൽ പോരാടാൻ 170 പേരെ വിവിധ ടീം മാനേജർമാർ ലേലത്തിൽ ഏറ്റെടുത്തത്. ഏറ്റവും ഉയർന്ന താരത്തിന് 2,000 രൂപയും കുറഞ്ഞ തുക 100 ആയും തീരുമാനിച്ചായിരുന്നു ലേലം. പ്രൊഫഷണൽ ക്ളബ്ബുകൾക്കുൾപ്പെടെ കളിക്കുന്ന 5 പേരെ ഉയർന്നതുകയ്ക്ക് ലേലംകൊണ്ടു.

ബൈചുങ്ങ് ബൂട്ടിയയുടെ കീഴിൽ പരിശീലിക്കുന്നവരും പ്രൊഫഷണൽ മത്സരങ്ങളിൽ പങ്കെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഓരോ ടീമിനും ജഴ്സിയും ബനിയനുമുൾപ്പടെ ഔദ്യോഗിക സംവിധാനങ്ങളോടെയാണ് മത്സരം. ഹോം മാച്ചുകളിൽ നിന്ന് ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ സെമി, ഫൈനൽ മത്സരങ്ങൾ നടക്കും. കേരള ബ്ളാസ്റ്റേഴ്സ് താരങ്ങളും സിനിമതാരം ആന്റണി വർഗീസ്, നിർമ്മാതാവ് പോൾ വർഗീസ് മേച്ചെങ്കിര എന്നിവർ താരങ്ങളെ അനുമോദിച്ചും പ്രീമിയർ ലീഗിന്റെ പ്രചാരവുമായി നവമാദ്ധ്യമ കാമ്പയിനുകളും സജീവമായി.

വലമ്പൂരിൽ ആരംഭിക്കുന്ന ബിഗ് സോക്കർ ടർഫിലാണ് കെ.പി.എൽ ആദ്യ മത്സരം. വിദേശ ക്ളബുകളുടെ അത്യാധുനിക ടർഫുകളോട് കിടപിടിക്കുന്ന ഫ്ളഡ്ലൈറ്റ് മൈതാനമാണിത്. മത്സരങ്ങൾ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ, ബെന്നി ബഹനാൻ എം.പി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. അഗാപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് കമ്പനിയാണ് മത്സരങ്ങളുടെ പ്രധാന സ്പോൺസർമാർ.