
കൊച്ചി: റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ ഒഴിവാക്കിയുള്ള കൊച്ചി കോർപ്പററേഷന്റെ കോമഡി ടാറിംഗ് പ്രശ്നം ഇന്നലെ പരിഹരിച്ചു.
കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.
വാഹനങ്ങൾ സമീപത്തേക്ക് നീക്കിയിട്ട് നേരത്തെ ഒഴിവാക്കിയ ഭാഗം ടാർ ചെയ്തു. ഉച്ചക്ക് രണ്ടുമണിയോടെ കരാർ കമ്പനിയായ കാലടി മേരിസദൻ പ്രോജക്ട്സിന്റെ സൂപ്പർവൈസർമാരും 30ഓളം തൊഴിലാളികളും ചേർന്ന് നടത്തിയ ടാറിംഗ് വൈകിട്ട് ആറോടെ പൂർത്തിയായി.
പ്രദേശവാസികളായ നിരവധി പേർ ടാറിംഗ് കാണാനെത്തി.
വീണ്ടും
മണ്ടത്തരം..!
നാളുകളായി ഉപേക്ഷിച്ച നിലയിൽ കിടന്ന വാഹനങ്ങൾ മാറ്റാൻ ജെ.സി.ബി ഉൾപ്പെടെ എത്തിച്ചിരുന്നെങ്കിലും വീണ്ടും മണ്ടത്തരം ആവർത്തിച്ചു.
വാഹനങ്ങൾ റോഡിലേക്ക് തന്നെയാണ് മാറ്റിയിട്ടത്. സർഫസ് ടാറിംഗ് കൂടി വരാനുണ്ടെന്നിരിക്കെ പഴയ കോമഡി ടാറിംഗ് വീണ്ടും ആവർത്തിക്കേണ്ടിവരും.
കാരണക്കോടം ജംഗ്ഷനിൽ നിന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻവരെ 440 മീറ്ററിലാണ് 35ലക്ഷം മുടക്കി കോർപ്പറേഷനും കരാറുകാരും കൂടി ബി.എം.ബി.സി നിലവാരത്തിലെ ടാറിംഗ് നടത്തിയത്.
റോഡിലെ തടസങ്ങൾ മാറ്റിനൽകേണ്ട ഉത്തരവാദിത്വം കോർപ്പറേഷനാണ്. 24 മണിക്കൂർ നോട്ടീസ് നൽകിയ ശേഷം ഡംപിംഗ് യാർഡിലേക്ക് നീക്കാം. അതൊന്നും ചെയ്യാതെ സൂത്രപ്പണിയാണ് കോർപ്പറേഷൻ അനുവർത്തിക്കുന്നത്.
ഇത്രയും സംഭവമുണ്ടായിട്ടും കോൺട്രാക്ടറുടെ ഭാഗത്താണ് അനാസ്ഥ. വാഹനങ്ങൾ അവരാണ് നീക്കേണ്ടിയിരുന്നത്.
ജോർജ് നാനാട്ട്
കൗൺസിലർ
44-ാം ഡിവിഷൻ
കൗൺസിലറുടെ വാക്ക് വിശ്വസിച്ച് ടാറിംഗിനെത്തിയപ്പോഴാണ് വാഹനങ്ങൾ മാറ്റിയിട്ടില്ലെന്ന് കണ്ടത്. യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചതിനാലാണ് വാഹനങ്ങൾ ഒഴിവാക്കി ടാറിംഗ് നടത്തിയത്.
ആശിഷ്
സൂപ്പർവൈസർ
മേരീസദൻ പ്രോജക്ട്സ്