സുഹൃത്ത് കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്
കൊച്ചി: സുഹൃത്തും കുടുംബവും കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം പോക്സോ കേസ് പ്രതി ജീവനൊടുക്കി. കടവന്ത്ര പൊന്നുരുന്നി മുക്കിടിത്തുണ്ടിയിൽ അജി അലി (അജിത് -23)യെ ഇന്നലെ പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അജിയുടെ ബന്ധുക്കൾ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതോടെ ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിൽ പ്രതിയായ അജി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കടവന്ത്ര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
എറണാകുളത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചേർത്തല സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ജനുവരിയിലാണ് അജിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി നേരിട്ടെത്തി മൊഴി നൽകുകയായിരുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. നിരന്തരം പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. അതേസമയം, തന്റെ സുഹൃത്തിന്റെ പ്രേരണയിലാണ് പെൺകുട്ടി വ്യാജ പരാതി നൽകിയതെന്നാണ് അജിയുടെ ആരോപണം. മരണത്തിന് കാരണം കുടുംബമല്ലെന്നും സുഹൃത്തും സുഹൃത്തിന്റെ കുടുംബവുമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സുഹൃത്തും മറ്റുചിലരും ചേർന്ന് അജിത്തിനെ വ്യാജ പോക്‌സോ കേസിൽ കുടുക്കുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. സുഹൃത്തും അച്ഛനും ചേർന്ന് മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അജിയുടെ മാതാവ് ആരോപിച്ചു.
ബംഗളൂരുവിൽ സൈക്കോളജി വിദ്യാർത്ഥിയാണ് അജി. അറസ്റ്റിലായതിന് പിന്നാലെ ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. അജിയുടെ ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു കുര്യാക്കോസ് പറഞ്ഞു.