കൊച്ചി: പള്ളുരുത്തി വെളി മൈതാനം പൂർണമായും അളന്ന് തിട്ടപ്പെടുത്തി കൈവശക്കാരുടെ എല്ലാവരുടെയും അവകാശരേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഇന്നലെ ഉത്തരവായി. എസ്.ഡി.പി.വൈയ്ക്ക് കൈവശാധികാരമുള്ള മൂന്നേക്കർ ഭൂമി അളന്ന് തിട്ടപ്പെടുത്താനായി കൊച്ചി തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ നൽകിയ ഉപഹർജിയിലാണ് സുപ്രധാനമായ നിർദ്ദേശം.
സർവേ നമ്പർ 1022ൽ ഉൾപ്പെട്ട 19.4 ഏക്കർ (6.96 ഹെക്ടർ) സ്ഥലവും അളക്കാനാണ് ഉത്തരവ്. കേസ് രണ്ട് മാസത്തിന് ശേഷം പരിഗണിക്കാനായി ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി. എസ്.ഡി.പി.വൈയ്ക്ക് വേണ്ടി അഡ്വ.ലിറ്റോ പാലത്തിങ്കൽ ഹാജരായി.
പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിന് മുന്നിലെ മൂന്നേക്കർ വെളി മൈതാനം പുറമ്പോക്ക് ഭൂമിയെന്ന് പറഞ്ഞ് പിടിച്ചെടുക്കാൻ കഴിഞ്ഞ നവംബറിൽ റവന്യൂ അധികൃതർ നടത്തിയ ശ്രമമാണ് ഇവിടം വരെ എത്തിയത്.
1905 മുതൽ എസ്.ഡി.പി.വൈയുടെ കൈവശമുള്ളതാണ് മൂന്നേക്കർ ഭൂമി. കൊച്ചി രാജാവും പിന്നീട് തിരു-കൊച്ചി സർക്കാരും കേരള സർക്കാരും എസ്.ഡി.പി.വൈയ്ക്ക് ഈ ഭൂമിയുടെ കൈവശാവകാശം നൽകിയിട്ടുണ്ട്. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രത്തിലെ വേലവെളി ചടങ്ങുകളുടെ അവകാശം നിലനിറുത്തുകയും ചെയ്തിരുന്നു.
1022 മുഴുവൻ വേലവെളി
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രശസ്തമായ അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭരണി വേലവെളിപ്പറമ്പാണ് രാമേശ്വരം വില്ലേജിലെ സർവേ നമ്പർ 1022ലെ 19.4 ഏക്കർ ഭൂമിയും. സെറ്റിൽമെന്റ് രജിസ്റ്ററിലും ബി.ടി.ആറിലും ജമാബന്ദിയിലും വേലവെളി പുറമ്പോക്കെന്നാണ് രേഖ. ഇക്കാര്യം മറച്ച് വച്ച് റവന്യൂപുറമ്പോക്കെന്ന് പറഞ്ഞ് എസ്.ഡി.പി.വൈയുടെ ഭൂമി പിടിച്ചെടുക്കാനായിരുന്നു റവന്യൂവകുപ്പിന്റെ ശ്രമം. ബാക്കിയുള്ള 16 ഏക്കർ ഭൂമിയിൽ ഭൂരിഭാഗവും മറ്റുള്ളവരുടെ കൈവശത്തിലാണ്. പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, കൊച്ചിൻ കോർപ്പറേഷന്റെ അഗതിമന്ദിരം, വാട്ടർ അതോറിറ്റിയുടെ ഭീമൻ വാട്ടർടാങ്ക്, അർജുനൻ മാസ്റ്റർ ഗ്രൗണ്ട്, രാമേശ്വരം വില്ലേജ് ഓഫീസ്, ഇ.കെ.നാരായണൻ സ്ക്വയർഎന്നിവ ഈ ഭൂമിയിലാണ്. ഇവയിൽ രേഖാമൂലം കൈവശാവകാശം എസ്.ഡി.പി.വൈയ്ക്ക് മാത്രമേ ഉള്ളെന്നാണ് സൂചന. ദേവസ്വം ഭൂമി അധികൃതമായി പോലും കൈമാറാൻ കഴിയുന്നതല്ല.
സി.പി.എം ഏരിയാ കമ്മിറ്റിയുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും വൈരാഗ്യബുദ്ധിയാണ് പുതിയ കോടതി നിർദേശത്തിന് കാരണം. ഭൂമി പിടിച്ചെടുത്തെങ്കിലും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ എസ്.ഡി.പി.വൈയ്ക്ക് കൈമാറി. പിന്നാലെ ഈ ഭൂമി അളക്കാൻ തഹസിൽദാർ നടത്തിയ ശ്രമവും പാളി. തുടർന്ന് തഹസിൽദാർ നൽകിയ ഉപഹർജിയിലാണ് പുതിയ നിർദേശമുണ്ടായത്.