പെരുമ്പാവൂർ: ഓടക്കാലി ടൗണിൽ പനിച്ചയം റോഡിൽ കുടിവെള്ള പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പനിച്ചയം, അശമന്നൂർ, നൂലേലി, മണ്ണൂർമോളം ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പാണ് പൊട്ടിയത്. അശമന്നൂർ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാനില്ലെന്നും കുടിവെള്ളക്ഷാമത്തിന് പഞ്ചായത്ത് ഭരണസമിതി പരിഹാരമൊന്നും കാണുന്നില്ലെന്ന് ജനങ്ങൾക്കിടയിൽ ശക്തമായ പരാതിയും പ്രതിഷേധവും നിലനിൽക്കുമ്പോഴാണ് പഞ്ചായത്ത് ഓഫീസ് നിലനിൽക്കുന്ന ഓടക്കാലി ടൗണിൽ അധികാരികളുടെ കൺമുന്നിൽ കുടിവെള്ളം പാഴാകുന്നത്. അടിയന്തരമായി തകരാറുകൾ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.