ksrtc

ആലുവ: ആലുവയിൽ ആറുകോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന കെ.എസ്.ആർ.ടി.സി സമുച്ചയം പാതിവഴിയിൽ നിലച്ചു. ടെർമിനൽ നിർമ്മാണം അവസാനഘട്ടത്തിലായെങ്കിലും അനുബന്ധ നിർമ്മാണ പ്രവൃത്തികളുടെ അനുമതി ലഭിക്കാത്തതാണ് നിർമ്മാണം അനിശ്ചിതത്വത്തിലാകാൻ കാരണം. ഒരേസമയം 30 ബസുകൾക്ക് പാർക്കിംഗ് സൗകര്യമുള്ള കെട്ടിടത്തിൽ എട്ട് കടമുറികളമുണ്ട്. ടെർമിനൽ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ഗ്രൗണ്ടിൽ ടൈൽ വിരിക്കാനും കാന നിർമ്മിക്കാനുമെല്ലാം ഡിപ്പാർട്ടുമെന്റിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല.

നിർമ്മാണം പൂർത്തിയായ ഭാഗത്തെ ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ കരാറുകാരന് പണവും ലഭിച്ചിട്ടില്ല. പാർക്കിംഗ് ഏരിയയുടെ ഒരു ഭാഗത്ത് ഷീറ്റ് കെട്ടിമറച്ചാണ് ഇപ്പോൾ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്ക് നിൽക്കാൻ പോലും ഇടമില്ല. ഇതുവരെ കൊവിഡ് നിയന്ത്രണമുണ്ടായതിനാൽ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നു. ഇളവുകളായതോടെ സ്റ്റാൻഡിൽ തിരക്കേറിയത് ഏറെ ദുരിതം സൃഷ്ടിക്കുകയാണ്. മഴ കൂടി ആരംഭിച്ചാൽ ഇരട്ടി ദുരിതമാകും. സ്ത്രീകൾക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ ശൗചാലയവുമില്ല. കാന്റീൻ സൗകര്യവുമില്ലാത്തതിനാൽ ജീവനക്കാരും ബുദ്ധിമുട്ടിലാണ്.

നിർമ്മാണത്തിന് ആദ്യഘട്ടം മുതൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരിൽ നിന്ന് അനുകൂല നിലപാട് ആയിരുന്നില്ല. 2018ൽ കെട്ടിട നിർമ്മാണത്തിനായി ബസുകൾ പാർക്ക് ചെയ്യുന്ന സ്വകാര്യ സ്റ്റാന്റിലേക്ക് മാറ്റിയെങ്കിലും ആരുമറിയാതെ തിരിച്ചെത്തി. കൊവിഡിന്റെ മറവിലായിരുന്നു ഇത്.

നിർമ്മാണം ആരംഭിക്കാനാകാത്ത ആലുവ പച്ചക്കറി മാർക്കറ്റ്,​ തകർന്നു കിടക്കുന്ന ആലുവ മുനിസിപ്പൽ പാർക്ക്,​ കുടിവെള്ള പൈപ്പ് ഇടുന്നതിനു വേണ്ടി പൊളിച്ച റോഡുകൾ എന്നിവപോലെ ആലുവയിൽ പൂർത്തീകരിക്കാൻ കഴിയാതെവരികയാണ് പുതിയ പദ്ധതിയും.

ഉദ്യോഗസ്ഥ‌ർക്ക് അലംഭാവം:

അൻവർ സാദത്ത് എം.എൽ.എ

കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ അലംഭാവമാണ് സ്റ്റാൻഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് തടസമെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. അനുബന്ധ നിർമ്മാണങ്ങൾക്ക് കൂടുതൽ ഫണ്ട് ആവശ്യമാണ്. ഇതിനായി സർക്കാരിൽ സമ്മർദ്ദം തുടരുകയാണ്. നിലവിലെ ഗതാഗതമന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയും വിഷയം അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ട്. ടെർമിനൽ ഗ്രൗണ്ടിൽ ടൈൽ വിരിക്കുന്നതും കാനയുടെ നിർമ്മാണവും അടക്കമുള്ള അനുബന്ധ പ്രവർത്തികളാണ് ഇനി പൂർത്തിയാക്കേണ്ടത്. മഴക്കാലത്തിന് മുമ്പ് ടെർമിനൽ ഉദ്ഘാടനം ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു.