
കൊച്ചി: കേരള പ്രീമിയർ ലീഗിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് വീണ്ടും തോൽവി. പനമ്പിള്ളിനഗർ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-1ന് കൊല്ലം സായി സെന്ററാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത്. 74ാം മിനിറ്റ് വരെ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു സായി തിരിച്ചടിച്ചത്. ഷാഹിർ.എസ്, ഷിജിൻ.ടി എന്നിവർ സായിക്കായി ലക്ഷ്യം കണ്ടു. ശ്രീകുട്ടനാണ് ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നൽകിയത്. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം നേടിയ സായി 11 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു. 11 ടീമുകൾ കളിക്കുന്ന ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി അവസാന സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.
ഒരു കളി മാത്രമാണ് ജയിച്ചത്. ഏഴെണ്ണത്തിലും തോറ്റ ടീം തരംതാഴ്ത്തൽ ഭീഷണിയിലാണ്. ബുധനാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന എ ഗ്രൂപ്പ് മത്സരങ്ങളിൽ, ലൂക്ക എസ്.സി, വയനാട് യുണൈറ്റഡിനെയും ഗോകുലം കേരള എഫ്‌സി, കേരള പൊലീസിനെയും നേരിടും. ബി ഗ്രൂപ്പിൽ മത്സരങ്ങളില്ല. വ്യാഴാഴ്ച നടക്കുന്ന ബി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ മുത്തൂറ്റ് എഫ്.എ, ഡോൺ ബോസ്‌കോയെ നേരിടും. ജയിച്ചാൽ മുത്തൂറ്റിന് സെമിഫൈനൽ ഉറപ്പിക്കാം.