കൊച്ചി: ഭരണ, പ്രതിപക്ഷ കൗൺസിലർമാരുടെ ആശങ്കകൾക്കിടെ കോർപ്പറേഷനിൽ ഡിവിഷൻ ഫണ്ട് 40 ലക്ഷമായി വെട്ടിക്കുറച്ചു.
2022- 23 വർഷത്തേക്കുള്ള ബഡ്ജറ്റ് ചർച്ചകൾക്ക് മറുപടിയായാണ് മേയർ എം. അനിൽകുമാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി രൂപയാണ് ഡിവിഷൻ ഫണ്ട് അനുവദിച്ചത്.
എന്നാലത് ഭൂരിഭാഗം കൗൺസിലർമാർക്കും വിനിയോഗിക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഡിവിഷൻ ഫണ്ട് വെട്ടിക്കുറിച്ചതെന്നും മേയർ പറഞ്ഞു.തുക വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വികസനപ്രവർത്തനങ്ങളെ ബാധിക്കുമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
സ്മാർട്ട് സിറ്റി പ്രവൃത്തികൾ നടക്കുന്ന ഡിവിഷനുകളിൽ ഒഴികെ വികസനത്തെ തീരുമാനം ബാധിക്കുമെന്നും പറഞ്ഞു. എന്നാൽ മൂന്നുമാസം കൂടുമ്പോൾ ഡിവിഷൻ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വിലയിരുത്തൽ യോഗം നടത്തിയ ശേഷം കൂടുതൽ ഫണ്ട് ആവശ്യമായവർക്ക് അനുവദിക്കുമെന്ന് മേയർ മറുപടി നൽകി. അധികമായി വരുന്ന പദ്ധതികൾ ധനകാര്യ കമ്മിറ്റിയിൽ അവതരിപ്പിക്കണം. അതേസമയം, കുടിശികയുടെ പേരിൽ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാൽ ഒരു കോടി രൂപ ഉപയോഗിക്കാതെ പാഴായതായി ചില കൗൺസിലർമാർ ബഡ്ജറ്റ് ചർച്ചയിൽ പരാമർശിച്ചിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഡിവിഷൻ വിഹിതം കുറയ്ക്കുന്നതെന്ന് മേയർ പറഞ്ഞു. മുഴുവൻ തുകയും ചെലവഴിച്ച ശേഷം വീണ്ടും ഫണ്ട് ആവശ്യപ്പെട്ട കൗൺസിലർമാരും കൂട്ടത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു മാസം കൂടുമ്പോൾ മേയറുടെ അധ്യക്ഷതയിൽ ധനകാര്യ സമിതി യോഗം ചേർന്ന് സാമ്പത്തികപ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തും. അടുത്ത നാലു വർഷം കൊണ്ട് കോർപ്പറേഷന്റെ സാമ്പത്തികനില സ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മേയർ പറഞ്ഞു.
ഡിവിഷൻ ഫണ്ട് ഒരു കോടിയാക്കണമെന്ന്
വാർഡുതല വികസന പ്രവർത്തനങ്ങൾക്കായി കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന ഒരു കോടി രൂപയുടെ ഡിഷൻ ഫണ്ട് 40 ലക്ഷമായി വെട്ടിക്കുറച്ചത് കോർപ്പറേഷൻ ദാരിദ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. കരാറുകാരുൾപ്പടെയുള്ളവർക്ക് കൊടുത്ത് തീർക്കാനുള്ള കുടിശികയെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശിച്ചിട്ടില്ലെന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജെ. അരിസ്റ്റോട്ടിൽ കുറ്റപ്പെടുത്തി. നികുതിയിനത്തിലും മറ്റും ലഭിക്കാനുള്ള വൻ തുകകൾ സമാഹരിച്ച് സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും ഡിവിഷൻ ഫണ്ട് ഒരു കോടി രൂപയാക്കി പുന:സ്ഥാപിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഭേദഗതികളോടെ
കോർപ്പറേഷൻ ബഡ്ജറ്റിന് അംഗീകാരം
കൊച്ചി: പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തി കോർപ്പറേഷൻ ബഡ്ജറ്റിന് കൗൺസിലിന്റെ അംഗീകാരം. തനത് വരുമാനത്തിൽ നിന്ന് രണ്ട് ശതമാനം തുക ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾക്ക് വിനിയോഗിക്കണമെന്ന സ്റ്റാറ്റ്യൂറ്ററി ചട്ടമാണ് പ്രതിപക്ഷമായ യു.ഡി. എഫ് പ്രധാനമായും ഉന്നയിച്ചത്.
കോർപ്പറേഷന്റെ റവന്യൂ വരുമാനമായി ബഡ്ജറ്റിൽ അവതരിപ്പിച്ച കണക്കുകൾ യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതാണെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.
2021 - 22 സാമ്പത്തിക വർഷത്തിൽ 847 കോടി രൂപയാണ് വരവ്. 2022- 23 വർഷത്തിൽ അത് 1099 കോടി രൂപയായി ഉയരും. കെട്ടിട നികുതി കണക്കാക്കിയിരുന്ന പഴയ ഘടനയിൽ നിന്നുള്ള മാറ്റം വരുമാനത്തിന്റെ വർദ്ധനവിന് ഒരുകാരണമാണ്.
2020- 21ൽ വസ്തു നികുതിയായി പിരിച്ചത് 115 കോടി രൂപയാണ്. പുതിയ സാമ്പത്തിക വർഷം അത് 147 കോടിയായി ഉയരുമെന്ന് കണക്കാക്കുന്നു. അടുത്ത ബഡ്ജറ്റ് എസ്റ്റിമേറ്റിൽ ആകെ വസ്തുനികുതി പ്രതീക്ഷിക്കുന്നത് 155 കോടിയാണ്. സംസ്ഥാന സർക്കാറിൽ നിന്ന് ലഭിക്കേണ്ട ജി.എസ്.ടി നഷ്ടപരിഹാം 45 കോടി രൂപയാണ്. ഈ വർഷം 34 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും 27 കോടി രൂപയാണ് ബഡ്ജറ്റിൽ ആയിനത്തിലെ വരുമാനമായി ചേർത്തത്. ലോകബാങ്കിന്റെ കെ.എസ്.ഡബ്ലിയു.എം.പി ഗ്രാന്റായി സംസ്ഥാനസർക്കാർ വഴി കോർപ്പറേഷന് 70 കോടി ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചിലപ്പോൾ അത് 100 കോടിയാകും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചെലവഴിക്കാനാണ് ഈ തുക.കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രത്യേക ഗ്രാന്റായി 45 കോടിയും ലഭിക്കും. ഇതിൽ 31.16 കോടി കോർപ്പറേഷന്റെ വിഹിതമാണ്.
പുതിയ റോ-റോ ഇറക്കുന്നതിന് 10 കോടി സംസ്ഥാന സർക്കാറിൽ നിന്ന് ലഭിക്കും. ഇതെല്ലാം ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ബഡ്ജറ്റിൽ നിന്ന് പുതിയ സാമ്പത്തിക വർഷത്തിൽ 287 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് എസ്റ്റിമേറ്റിട്ടതെന്നും മേയർ വിശദീകരിച്ചു.