തൃപ്പൂണിത്തുറ: എരൂർ ശ്രീ ഗുരുമഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പുനപ്രതിഷ്ഠ കർമ്മം 31 മുതൽ ഏപ്രിൽ ആറു വരെ നടക്കും. ഏഴാം ദിനമായ ഏപ്രിൽ ആറാം തീയതി ഗണപതിഹോമത്തിന് ശേഷം രാവിലെ 9 നും 10 നും മദ്ധ്യേ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കുന്നത്. തുടർന്ന് പ്രസാദ ഊട്ടും സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള താലം വരവും ഉണ്ടായിരിക്കും. 31ന് സാംസ്കാരിക സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ വിഗ്രഹ ശില്പി ബെന്നി ആർ.പണിക്കരെയും ദിലീപ് കരുണാകരൻ, രാജീവ്‌ കാവനാൽ എന്നിവരെയും ആദരിക്കും.

ഏപ്രിൽ ഒന്നിന് രാവിലെ 9.30ന് കൂട്ട മൃത്യുഞ്ജയഹോമം നടക്കും. വൈകിട്ട് ശിവഗിരി മഠം ക്ഷേത്ര തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ഏപ്രിൽ രണ്ടിന് വൈകിട്ട് ആറിന് ലളിതാസഹസ്രനാമാർച്ചനയും മഹാസുദർശനഹോമവും നടക്കും. ശ്രീകൃഷ്ണദർശനത്തെക്കുറിച്ച് ജ്യോതിഷ് പറവൂർ മുഖ്യ പ്രഭാഷണം നടത്തും. ഏപ്രിൽ 3ന് രാവിലെ 9.30ന് കൂട്ടമൃത്യുഞ്ജയഹോമവും ലഘുസുദർശന ഹോമവും ഉണ്ട്. ഏപ്രിൽ 4ന് വൈകിട്ട് 6.30ന് താലം വരവ് ഡോ. പൽപ്പു സ്മാരക കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കും. പ്രസാദ പരിഗ്രഹം, ബിംബ പരിഗ്രഹം വാസ്തുരക്ഷോഘ്നഹോമം എന്നിവയുണ്ടാകും. ആറാം ദിവസമായ ഏപ്രിൽ അഞ്ചിന് രാവിലെ 8.30ന് പ്രായശ്ചിത്താദിഹോമങ്ങളും വൈകിട്ട് കലശപൂജകളും.