
കൊച്ചി: കലൂർ അശോക റോഡിലെ റോണി ഡേവിഡ്സിന്റെ വീട് അസുലഭ സംഗീതത്തിന്റെ ഒരാശുപത്രിയാണ്. നിശ്ചലമായ പിയാനോകൾ ഇവിടെ പാട്ടുപാടി പുനർജനിക്കും. അതിനാൽ പിയാനോഡോക്ടർ എന്നാണ് റോണിയെ അടുത്തറിയുന്നവർ വിളിക്കുക. ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ക്ളാസിക് പിയാനോ റിപ്പയറിംഗ് വിദഗ്ദ്ധനാണ് 72 വയസുകാരൻ റോണി. പിയാനോ വായിക്കാൻ വശമില്ലെങ്കിലും ശബ്ദം കേട്ട് ഉറപ്പിക്കുന്ന ട്യൂണിംഗ് കിറുകൃത്യമായിരിക്കും. ഒന്നര ആഴ്ച മുതൽ രണ്ടു മാസം വരെ വേണ്ടി വരും ഒരു പിയാനോ നന്നാക്കാൻ. പഴയ പിയാനോകളുടെ കീകൾ ആനക്കൊമ്പാണ്.
ഭാരക്കൂടുതൽ കാരണം പിയാനോ കൊണ്ടുവരിക പ്രയാസമായതിനാൽ ദക്ഷിണേന്ത്യയിൽ എവിടെയും നേരിട്ടെത്തി റോണി ചികിത്സിക്കും.
റോണിയുടെ മുത്തച്ഛൻ തോമസ് ഡേവിഡിന്റെയും പിതാവ് ഹാരിയുടെയും ഒപ്പം 12ാം വയസിൽ പണി തുടങ്ങിയതാണ് റോണി. തമിഴ്നാട്ടിലെ ട്രിച്ചിയിലെത്തി 240 വർഷം പഴക്കമുള്ള ബ്രിട്ടീഷ് പിയാനോയ്ക്ക് പുനർജന്മമേകിയത് റോണിയുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മയാണ്. ജർമ്മനി, ഇംഗ്ളണ്ട് എന്നിവിടങ്ങളിൽ നിന്ന് റിപ്പയറിംഗിനു വേണ്ട ഓക്ക്, പൈൻ മരക്കഷണങ്ങൾ ഇറക്കുമതി ചെയ്യും. മൂന്ന് സഹായികളും വീടിനു പിന്നിൽ ചെറിയ വർക്ക്ഷോപ്പുമുണ്ട്. സാറാമ്മ ഡേവിഡാണ് ഭാര്യ. നാല് മക്കൾ. യുവാക്കൾ ഈ രംഗത്തേക്ക് വരുന്നില്ല. എത്തിയവർ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ആർക്കും ക്ഷമയില്ലെന്ന് റോണി ഡേവിസ് പറയുന്നു.
മോഹവില
ക്ലാസിക് പിയാനോകൾക്ക് മോഹവിലയാണ്. പലരും വില്ക്കാതെ സൂക്ഷിക്കും. 2.2ലക്ഷം രൂപ മുതൽ ഒരു കോടി രൂപവരെ വിലമതിക്കുന്ന പിയാനോകളും ലഭ്യമാണ്.
പിയാനോ ബ്രാന്റുകൾ
ഷീറ്റ് മേയർ - ജർമ്മനി
ചാപ്ലിൻ - ബ്രിട്ടൻ
ബ്ലൂത്ത്നെർ -ജമ്മനി
പേൾ റിവർ -ചൈന
കവായി - ചൈന
സ്റ്റൈനർ - ജർമ്മനി
യമഹ -ജപ്പാൻ
കോളാഡൻ കോളാഡ് -ഇംഗ്ലണ്ട്
എച്ച് ബോട്ട് - ഫ്രാൻസ്