cybercuty

കൊച്ചി:പതിന്നാലുവർഷം മുമ്പ് തറക്കല്ലിൽ ഒതുങ്ങിപ്പോയ കൊച്ചിയിലെ നാലായിരംകോടി രൂപയുടെ സൈബർസിറ്റി പദ്ധതിക്ക് അദാനി ഗ്രൂപ്പ് ശാപമോക്ഷം നൽകുമെന്ന് സൂചന. വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കിയശേഷം കളമശേരിയിലെ സൈബർ സിറ്റി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചേക്കും.

കേന്ദ്രസ്ഥാപനമായ എച്ച്.എം.‌ടിയിൽനിന്ന് മുംബയ് ആസ്ഥാനമായ ഹൗസിംഗ് ഡവലപ്പ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ബ്ളൂസ്റ്റാർ റിയൽറ്റേഴ്സ് വാങ്ങിയ 70 ഏക്കർ സ്ഥലത്താണ് 'കേരളത്തിലെ ആദ്യത്തെ സംയോജിത ഐ.ടി ടൗൺഷിപ്പ് ' പദ്ധതിക്ക് 2008 ജനുവരി 19ന് തറക്കല്ലിട്ടത്. 2010 മാർച്ചിൽ പ്രത്യേക സാമ്പത്തിക മേഖലാ (സെസ്) പദവി ലഭിച്ചെങ്കിലും ഒരുചുവടുപോലും മുന്നേറിയില്ല. കമ്പനി കടംകയറി പ്രതിസന്ധിയിലായതാണ് കാരണം.

തുടക്കം മുതൽ വിവാദം

എച്ച്.എം.ടിയിൽ നിന്ന് 70 ഏക്കർ സ്ഥലം 91കോടി രൂപയ്ക്കാണ് ബ്ളൂസ്റ്റാർ റിയൽറ്റേഴ്സ് 2006ൽ വാങ്ങിയത്. അഞ്ചിരട്ടി വിലയുള്ള സ്ഥലമാണ് ഇത്രയും തുകയ്ക്ക് വിറ്റതെന്ന് എച്ച്.എം.ടി ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചിരുന്നു. വിവാദത്തെത്തുടർന്ന് തറക്കല്ലിടൽ ചടങ്ങിൽനിന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ പിന്മാറി. 2008ലാണ് സൈബർസിറ്റി പ്രഖ്യാപിച്ചത്. 60,000 പേർക്ക് നേരിട്ടും 1,20,000 പേർക്ക് പരോക്ഷമായും ജോലി വാഗ്ദാനം ചെയ്തിരുന്നു.

#കടക്കെണിയിൽ കൈവിട്ടു

2012-13ൽ നാലായിരംകോടി രൂപയുടെ കടത്തിലായ എച്ച്.ഡി.ഐ.എൽ ആസ്തികൾ വിൽക്കാൻ തുടങ്ങി. ബ്ളൂസ്റ്റാർ റിയൽറ്റേഴ്സിനെ 2018 ഡിസംബർ 4ന് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. എച്ച്.എം.ടി ഭൂമി അദാനിയുടെ കൈവശമെത്തി. നിലവിൽ ഏക്കറിന് ഇരുപതു കോടിരൂപവരെ മാർക്കറ്റ് വിലയുണ്ട്. എച്ച്.എം.ടി വിറ്റത് ഏക്കറിന് 1.3 കോടി രൂപയ്ക്കാണ്.

# സൈബർസിറ്റി

80% സ്ഥലത്ത് ഐ.ടി പാർക്ക്

20%സ്ഥലത്ത് ടൗൺഷിപ്പ്

80 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങൾ