
കൊച്ചി: അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ സുപ്രധാന തെളിവായ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിലാണ് എട്ടാം പ്രതിയായ ദിലീപ് ഇക്കാര്യം പറഞ്ഞത്. വിവരങ്ങൾ നീക്കം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല.
സിനിമാ മേഖലയിലെ പ്രമുഖരും തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളിൽ ചിലത് തന്റേതാണ്. എന്നാൽ നിർണ്ണായകമായ ശബ്ദരേഖകൾ മിമിക്രിയാണെന്ന വാദത്തിൽ ദിലീപ് ചോദ്യം ചെയ്യലിന്റെ രണ്ടു ദിവസവും ഉറച്ചുനിന്നു. ബാലചന്ദ്രകുമാർ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകളാണെന്നാണ് ദിലീപിന്റെ മൊഴി.
ഒന്നും ഓർമ്മയില്ല
ശബ്ദരേഖ യഥാർത്ഥമാണെന്നും കൂട്ടിച്ചേർക്കൽ നടത്തിയിട്ടില്ലെന്നും ബാലചന്ദ്രകുമാർ കേരളകൗമുദിയോട് പറഞ്ഞു. താൻ ഉന്നയിച്ച കാര്യങ്ങളിലൊന്നും ദിലീപിന് വ്യക്തമായ മറുപടിയുണ്ടായില്ല. പല ചോദ്യങ്ങൾക്കും 'ഓർമ്മയില്ലെ'ന്നായിരുന്നു മറുപടി. തന്നെ ഇടവേളകളിലാണ് ദിലീപിനൊപ്പമിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യൽ. താൻ കൈമാറിയ ശബ്ദസാമ്പിളുകൾ ദിലീപിനെ കേൾപ്പിച്ചിരുന്നു. പുറത്തുവരാത്ത ശബ്ദരേഖയും ഇതിലുണ്ടായിരുന്നു. ദിലീപിന്റെയും കാവ്യാ മാധവന്റെയും ശബ്ദം അനുകരിച്ചതാണെന്നാണ് ദിലീപ് പറയുന്നത്. ഗൂഢാലോചന കേസിലെ പ്രതികളായ ശരത്, സുരാജ്, അനൂപ് എന്നിവരുടെ ശബ്ദം എങ്ങനെ ഇതിൽ വന്നെന്ന് ദിലീപ് പറയണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിന്റെ സിനിമയിൽ സുനി
ദിലീപ് നായകനായി അഭിനയിച്ച സിനിമയുടെ ഭാഗമായി പൾസർ സുനിയും പ്രവർത്തിച്ചതായി ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചു. സിനിമയിൽ ജോലിയെടുത്തതിനും വേതനം കൈപ്പറ്റിയതിനും (വൗച്ചർ) തെളിവുകൾ ലഭിച്ചതായാണ് വിവരം.
വധഗൂഢാലോചനക്കേസ് റദ്ദാക്കരുതെന്ന് സർക്കാർ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കരുതെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചു. അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. അന്വേഷണോദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ ഇന്നലെ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഹർജിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ഇന്നലെയും ആരോപിച്ചു. നിരവധി കേസുകളിൽ ആരോപണ വിധേയനായ എ.ഡി.ജി.പി എസ്. ശ്രീജിത്താണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ സത്യം കണ്ടെത്താനാവില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. ദിലീപിന്റെ വാദം പൂർത്തിയായതിനെത്തുടർന്നാണ് പ്രോസിക്യൂഷന്റെ വാദം തുടങ്ങിയത്.
ശരത്തിനെ പ്രതിചേർത്തു
വധഗൂഢാലോചന കേസിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമയുമായ ശരത് ജി.നായരെ ആറാം പ്രതിയാക്കി ക്രൈം ബ്രാഞ്ച്. രണ്ടു ദിവസം ചോദ്യം ചെയ്തതിൽ ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ദിലീപാണ് ഒന്നാം പ്രതി. കേസിൽ ആറ് പ്രതികളിൽ ഒരാളെ 'തിരിച്ചറിയാത്ത വ്യക്തി'യെന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദവും ഫോട്ടോയും തിരിച്ചറിഞ്ഞതിന്റെയും കേസിൽ ഇയാളുടെ പങ്ക് വ്യക്തമായതിന്റെയും അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. ശരത്തിനെ ഇന്നലെ വൈകിട്ട് 5 മണിക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.