 
പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവനെ ആസ്പദമാക്കി ലളിതഗാനവുമായി ദുർഗാദാസ് മലയാറ്റൂർ. ഗുരുദേവ സംഗീതരംഗത്ത് ശ്രീനാരായണ ഗുരുദേവക്കച്ചേരി അവതരിപ്പിച്ചുവരുന്ന ആദ്യകച്ചേരിഭാഗവതരുമാണ് ഈ ഗുരുഭക്തൻ. ശ്രീനാരായണ ഗുരുദേവനെ മുൻനിറുത്തി രണ്ട് പതിറ്റാണ്ടായി ശാസ്ത്രീയസംഗീതം ഉൾപ്പെടെ ഗാനസപര്യതീർത്ത ഗായകനാണ് ഇദ്ദേഹം.
ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ഇതൂവരെ ഒരു ലളിതഗാനം അവതരിപ്പിച്ചിട്ടില്ല. അതിനാലാണ് ഇങ്ങനെ ഒരു ഉദ്യമവുമായി മുന്നോട്ടുപോയതെന്ന് ദുർഗാദാസ് പറഞ്ഞു. വാട്‌സാപ്പ് ഓൺലൈൻ സംഗീത അദ്ധ്യാപകനും ശ്രീനാരായണ ഗുരുദേവ കച്ചേരി മാത്രം അവതരിപ്പിച്ചുവരുന്ന ആദ്യ ഭാഗവതരുമാണ്.
ശ്രീനാരായണ ഗുരുദേവനെ സംബന്ധിച്ച് സംഗീതത്തിലെ എല്ലാവിഭാഗങ്ങളിലും പാട്ടുകൾ എഴുതി സംഗീതംചെയ്ത് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ദുർഗാദാസ്. ഗുരുദേവനെ കുറിച്ചുള്ള ആദ്യ ലളിതഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും ദുർഗാദാസാണ്.
ശ്രീനാരായണ ഗുരുദേവഭക്തർ തന്നെയാണ് നിർമ്മാണപങ്കാളിത്തം വഹിച്ചിരിക്കുന്നത്. നെരൂളിൽ സൂക്ഷിച്ചുവച്ചിട്ടുള്ള ഗുരുവിന്റെ ദിവ്യദന്തത്തെക്കുറിച്ചുള്ളതാണ് ആദ്യഗാനം. കാമറാമാൻ ശ്രീരാഗും അസോസിയേറ്റ് ഡയറക്ടർ സുരേഷും ഉൾപ്പെടുന്ന ടീമാണ് ഒപ്പമുള്ളത്. ഗുരുദേവനെക്കുറിച്ചുള്ള ആദ്യലളിത ഗാനമാണിതെന്ന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.