ആലുവ: നഗരസഭ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ശതാബ്ദി കപ്പ് ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. ആലുവ മുനിസിപ്പൽ ഗ്രൗണ്ടിൽ നാളെയാരംഭിക്കുന്ന മത്സരം 13ന് സമാപിക്കും. നാളെ വൈകിട്ട് 4.30ന് റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് എസ്. കാർത്തിക് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിക്കും. കൊച്ചി കോർപ്പറേഷൻ ഉൾപ്പടെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ടീമുകൾ പങ്കെടുക്കും. ദിവസവും വൈകിട്ട് 4.30നാണ് മത്സരങ്ങൾ. ഞായറാഴ്ചകളിൽ 3.30 നും 4.45 നും രണ്ടു മത്സരങ്ങൾ നടക്കും. ഉദ്ഘാടന മത്സരത്തിൽ കുന്നത്തുനാട് പഞ്ചായത്തും പെരുമ്പാവൂർ നഗരസഭയും തമ്മിലാണ് മത്സരം.