മൂവാറ്റുപുഴ: നഗരത്തിലെ നീർച്ചാലുകളുടെ ശൃംഖലകൾ പൂർണമായും വീണ്ടെടുത്ത് നീരൊഴുക്ക് പുന:സ്ഥാപിക്കാൻ മൂവാറ്റുപുഴ നഗരസഭ ആവിഷ്കരിച്ച തെളിനീർ ഒഴുകും മൂവാറ്റുപുഴ പദ്ധതിക്ക് തുടക്കമായി. പുരാതനമായ കിഴുക്കാവിൽതോട് ശുചീകരിച്ച് കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മൂവാറ്റുപുഴ ആറിലേക്ക് ഒഴുകിയെത്തുന്ന തോട് മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരുന്നു. പ്ലാസ്റ്റിക് മാലിന്യമടക്കം അടിഞ്ഞുകൂടിയതോടെ തോടിന്റെ നീരൊഴുക്കും തടസപ്പെട്ടിരുന്നു. നഗരസഭ ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, കൗൺസിലർമാർ എന്നിവർ ചേർന്നായിരുന്നു തോട് ശുചീകരിച്ചത്. ഇ.ഇ.സി മാർക്കറ്റ് മുതൽ പുഴയിൽ എത്തിച്ചേരുന്ന കൊച്ചങ്ങാടി വരെയുള്ള തോട് ഭാഗമാണ് വൃത്തിയാക്കിയത്.
നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, രാജശ്രീ രാജു, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർമാരായ സുധ രഘുനാഥ്, അമൽ ബാബു, അസംബീഗം, മീര കൃഷ്ണൻ, ജോയിസ് മേരി ആന്റണി, വി.എ. ജാഫർ സാദിഖ്, പി.വി. രാധാകൃഷ്ണൻ, ജോളി മണ്ണൂർ, സി.ഡി.എസ് ചെയർപേഴ്സൺ പി.പി. നിഷ തുടങ്ങിയവർ പ്രസംഗിച്ചു.
മുഴുവൻ കൈവഴികളും മാലിന്യമുക്തമാക്കും
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവൻ കൈവഴികളും മാലിന്യമുക്തമാക്കും. ഇതോടൊപ്പം തോടുകളുടെ സംരക്ഷണഭിത്തിയും നിർമ്മിക്കും. ഹോട്ടലുകൾ, ആശുപത്രികൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽനിന്നും പൊതു ഓടകളിലേക്കും പുഴയിലേക്കും തോടുകളിലേക്കും മാലിന്യം ഒഴുക്കുന്നത് തടയും. നഗരത്തിലെ മുഴുവൻ ഓടകളിലെയും സ്ലാബ്മാറ്റി പരിശോധിക്കും. ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള മലിനജലമോ മറ്റ് മാലിന്യങ്ങളോ ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയാൽ നടപടി എടുക്കും. ശുചിത്വ മിഷന്റയും തൊഴിലുറപ്പ് പദ്ധതിയുടെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും.
കാലവർഷം ആരംഭിക്കുന്നതിനുമുമ്പ് നഗരത്തിലെ മുഴുവൻ കൈത്തോടുകളും തോടുകളും മൂവാറ്റുപുഴയാറും ശുദ്ധീകരിക്കും. വരുംദിവസങ്ങളിൽ മണിയൻതോട്, തൃക്ക, കടാതി, കിഴക്കേച്ചാൽ തോടുകളുടെ ശുചീകരണവും പൂർത്തിയാക്കും. ജെ.സി.ബി. അടക്കമുള്ള യന്ത്രസഹായത്തോടെ ആയിരിക്കും ശുചീകരണം. കിഴക്കേച്ചാൽ തോട്ടിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കും. മൂവാറ്റുപുഴ ആറിൽ പുഴയിറമ്പിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും ചെളിയും നീക്കംചെയ്യും. മൂവാറ്റുപുഴയുടെ കുടിവെള്ളസ്രോതസ് സംരക്ഷിക്കുന്നതിനും പുഴയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും എക്കൽ നീക്കം ചെയ്യുന്നതോടെ കഴിയും. പുഴ മലിനീകരണവുമായി ബന്ധപ്പെട്ട ഏതാനും മാസം മുമ്പ് മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് പി.പി. എൽദോസ് പറഞ്ഞു.