മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷവും 100% പദ്ധതി വിഹിതം ചെലവഴിച്ച് അഭിമാനാർഹമായ നേട്ടം കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അറിയിച്ചു. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി പൊതുവിഭാഗം, പട്ടികജാതി വിഭാഗം, പട്ടികവർഗ്ഗ വിഭാഗം, ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നീ വിഭാഗങ്ങളിലെല്ലാം പ്രത്യേകം 100% കൈവരിക്കാനായത് എടുത്തുപറയേണ്ട നേട്ടമാണ്. പദ്ധതിവിഹിതം ചെലവഴിച്ചതിൽ ജില്ലയിൽ ഒന്നാംസ്ഥാനത്തും സംസ്ഥാനത്ത് നാലാംസ്ഥാനത്തുമാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. വികസനഫണ്ട് പൊതുവിഭാഗത്തിൽ 2.04 കോടി രൂപയും പട്ടികജാതി വിഭാഗത്തിൽ 78.95ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിൽ 2.94ലക്ഷം രൂപയും ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിഹിതത്തിൽ 1.12കോടി രൂപയും ഉൾപ്പെടെ 3.97 കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷം ചെലവഴിച്ചത്.
ലൈഫ് ഭവനപദ്ധതി, പി.എം.എ.വൈ ഭവനപദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, വിവിധ ബഡ്‌സ് സ്‌കൂളുകൾക്ക് വിഹിതം, അങ്കണവാടികൾക്ക് പൂരക പോഷകാഹാര വിഹിതം, വിവിധ ഇടങ്ങളിൽ വൈദ്യുതിലൈൻ നീട്ടൽ, കുടിവെള്ളപൈപ്പുലൈൻ നീട്ടൽ, മറ്റു സ്വാശ്രയ കുടിവെള്ളപദ്ധതികൾ, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, ശയ്യാവലംബികളായ രോഗികൾക്ക് പാലിയേറ്റീവ് പരിചരണം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭ സബ്‌സിഡി, ക്ഷീരകർഷകർക്ക് ഇൻസെന്റീവ്, സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽക്കൃഷി-പച്ചക്കറിക്കൃഷി പ്രോത്സാഹന പദ്ധതികൾ, പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണ പ്രവൃത്തികൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ, കലുങ്കുകൾ, കുളിക്കടവുകൾ ഉൾപ്പെടെയുള്ള പശ്ചാത്തലസൗകര്യ വികസന പ്രവൃത്തികൾ, ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ, വിവിധ പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ, വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം, ശുചിത്വ-മാലിന്യസംസ്‌കരണം എന്നീ മേഖലകളിലായാണ് പദ്ധതി വിഹിതം ചെലവഴിച്ചത്.
പട്ടികജാതി ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി മാർഗദീപമെന്ന പേരിൽ ഒരു പ്രൊജക്റ്റ് സംസ്ഥാന കോ-ഓർഡിനേഷൻ സമിതിയുടെ പ്രത്യേക അനുമതിയോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിവരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും, പുനഃചംക്രമണം നടത്തുന്നതിനുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് നൂറുശതമാനം നേട്ടം കൈവരിക്കാനായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.