
വിജിലൻസ് പരിശോധിക്കണമെന്ന് സെക്രട്ടറി
തൃക്കാക്കര: വാഴക്കാല മൊറാർജി ഗ്രൗണ്ട് റോഡിൽ വീണ്ടും തട്ടിക്കൂട്ട് കോൺക്രീറ്റ് നടത്തി തലയൂരാൻ ശ്രമം നടക്കുന്നതായി പരാതി. റീ ടാറിഗ് കഴിഞ്ഞ് രണ്ട് ആഴ്ച്ചയാവന്നതിന് മുമ്പ് റോഡിന്റെ സൈഡുകളിൽ മണ്ണ് ഇരുന്നതുമൂലം റോഡിൽ കുഴികൾ രൂപപ്പെട്ടത് സംബന്ധിച്ച് കൗമുദി വാർത്ത നൽകിയിരുന്നു. ഇതിനു പിന്നായെയാണ് റോഡിലെ കുഴികൾ അടക്കാൻ നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇതോടെയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
അശാസ്ത്രീയമായാണ് കുഴികൾ അടക്കുന്നതെന്നാരോപിച്ച് വാർഡ് കൗൺസിലർ ഉഷാ പ്രവീൺ മുൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്. തകർന്ന റോഡ് വീണ്ടും ടാർ ചെയ്യണമെന്നാണ് കൗൺസിലറുടെ ആവശ്യം. പരാതി തദ്ദേശ സ്വയംഭരണ ടെക്നിക്കൽ വിജിലൻസിനെക്കൊണ്ട് പരിശോധിക്കാൻ സെക്രട്ടറി നിർദ്ദേശം നൽകി.നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്നും 7.30 ലക്ഷം രൂപ മുടക്കി റീ ടാറിഗ് കഴിഞ്ഞ് രണ്ട് ആഴ്ച്ചയാവന്നതിന് മുമ്പ് റോഡിന്റെ സൈഡുകളിൽ മണ്ണ് ഇരുന്നതുമൂലം കുഴികളാണ് രൂപാന്തരപ്പെട്ടത്.
റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അസി.എസ്‌സിക്യൂട്ടീവ് എൻജിനീയർ സുജകുമാരി പറഞ്ഞു. റീ ടാറിഗിന് മുമ്പ് സിറ്റി ഗ്യാസ് സമീപത്തെ വാർഡിലേക്ക് കണക്ഷൻ കൊടുക്കുവാൻ കുഴിയെടുത്ത അതെ സ്ഥലത്താണ് കുഴികൾ രൂപപ്പെട്ടത്. റോഡ് നവീകരിച്ചപ്പോൾ ഈ പ്രദേശത്ത് ആവശ്യത്തിന് മണ്ണ് ഇടാതിരുന്നതും റോഡ് തകരാൻ കാരണമായി. റോഡ് നിർമ്മാണത്തിലെ അപാകതയാണ് റോഡിൽ കുഴികൾ രൂപപ്പെടാൻ കാരണമെന്ന് വാർഡ് കൗൺസിലർ ഉഷ പ്രവീൺ പറഞ്ഞു. രണ്ടുദിവസം മുമ്പ് പെയ്ത മഴയിലാണ് കുഴികൾ കണ്ടത്. ഉടൻ മുൻസിപ്പൽ അസി.എക്സിക്യൂട്ടീവ് എൻജിനീയറെയും ഓവർസിയറെയും വിവരം അറിയിച്ചിരുന്നു. രണ്ടുദിവസം പണിമുടക്കായതിനാലാണ് പ്രശനം പരിഹരിക്കാൻ സാധിക്കാഞ്ഞതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു