ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് വാഹനം പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും ദുരുപയോഗം ചെയ്‌തെന്ന പരാതി സത്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറുടെ അന്വേഷണത്തിൽ കണ്ടെത്തി. ആരോപണ വിധേയരിൽനിന്ന് പഞ്ചായത്തിലേക്ക് സർക്കാർ നിരക്കിന് അനുസൃതമായി പണം ഈടാക്കാവുന്നതാണെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉൾപ്പെടെയുള്ള ഒരുവിഭാഗം ഭരണപക്ഷ അംഗങ്ങൾക്കെതിരെ ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റിഅംഗം സനീഷ് കളപ്പുരക്കലാണ് പരാതി നൽകിയത്. പ്രസിഡന്റും അംഗങ്ങളും 2021 ഒക്ടോബർ 25ന് പഞ്ചായത്ത് വാഹനത്തിൽ കണ്ണൂരിലെത്തി കെ. സുധാകരനെ സന്ദർശിച്ചതാണ് വിവാദമായത്. പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഭരണപക്ഷത്തെ ഒരംഗം റോഡിലെ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയിൽ ആക്ഷേപമുയർത്തുകയും ഇറങ്ങിപ്പോകുകയും ചെയ്തു. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയായതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരനെ കാണാൻ പോയതാണെന്നാണ് സനീഷ് പരാതിയിൽ ആരോപിച്ചത്.

എന്നാൽ പഞ്ചായത്തിലെ രണ്ടാംവാർഡിൽ മാധവപുരം കോളനിയിലെ കനാൽ പാർശ്വഭിത്തി നിർമ്മാണത്തിന് എം.പി ഫണ്ട് ലഭ്യമാക്കാനാണ് പോയതെന്നാണ് പഞ്ചായത്തിന്റെ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് പഞ്ചാത്തലത്തിൽ ഇത്തരം ഫണ്ടുകൾ നൽകുന്നത് സർക്കാർ മരവിപ്പിച്ചിരുന്നത് പുന:സ്ഥാപിച്ചത് 2021 നവംബർ പത്തിനാണ്. എന്നാൽ ഒരു മാസം മുമ്പേയുള്ള സന്ദർശനം അനുചിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ പഞ്ചായത്ത് വാഹനം 530 കിലോമീറ്റർ ഓടിയതിന്റെ വാടക ഈടാക്കാനാണ് റിപ്പോർട്ടിലുള്ളത്. പഞ്ചായത്ത് സെക്രട്ടറി മുഖേന പണം പിടിക്കാനാണ് ഡി.ഡി.പിയോട് പെർഫോമൻസ് ആൻഡ് ഓഡിറ്റ് സൂപ്പർവൈസർ നിർദ്ദേശിച്ചിട്ടുള്ളത്.