തൃക്കാക്കര: തൃക്കാക്കരയിലെ ഏറ്റവും തിരക്കേറിയ റോഡായ പി.ബി.കെ മൈന - ദേശീയ മുക്ക് റോഡ് തകർന്ന അവസ്ഥയിൽ. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം റോഡിലൂടെ ഇരുചക്ര വാഹനത്തിലെത്തിയ ദമ്പതികൾ റോഡിൽ വീണ് പരിക്കേറ്റിരുന്നു. തൃക്കാക്കര നഗരസഭാ മുപ്പത്തിരണ്ടാം ഡിവിഷനിലെ റോഡാണിത്.
അദാനി ഗ്യാസ് പൈപ്പ് ലൈനു വേണ്ടിയാണ് റോഡ് കുഴിച്ചിട്ടത്. എന്നാൽ നഗരസഭയ്ക്ക് റോഡ് നവീകരണത്തിനുള്ള മുഴുവൻ പണവും മുൻകൂറായി അടച്ചതിനു ശേഷമാണ് ഗ്യാസ് പൈപ്പ് ലൈന് വേണ്ടി റോഡ് പൊളിച്ചതെന്നു അദാനി അധികൃതർ പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ മൂലം രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.