മൂവാറ്റുപുഴ: ശബരിമല തീർത്ഥാടകർക്കായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടേക്ക് എ ബ്രേക്ക് സെന്റർ ഒരുങ്ങുന്നു. തീർത്ഥാടകരുടെ വിശ്രമകേന്ദ്രമായി മാറിയ എം.സി റോഡിലെ ഉന്നകുപ്പയിലാണ് ജില്ലാപഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത്. ശബരിമല തീർത്ഥാടന സമയത്ത് നൂറുകണക്കിന് അയ്യപ്പഭക്തരാണ് ഇവിടെ വിശ്രമിക്കുന്നത്. 42 ലക്ഷം രൂപ മുടക്കിയാണ് ജില്ലാ പഞ്ചായത്ത് ശൗചാലയ സൗകര്യത്തോടു കൂടിയ കോംപ്ലക്സ് നിർമ്മിക്കുന്നത്. തീർത്ഥാടകർക്കും എം.സി റോഡിലൂടെ സഞ്ചരിക്കുന്നവർക്കും സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി അബ്രഹാമിന്റെയും മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയുടെയും വാർഡ് അംഗം ജിബി മണ്ണത്തുകാരന്റെയും ശ്രമഫലമായാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. മാലിന്യങ്ങൾ കുമിഞ്ഞുകൂടി വഴിയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത രീതിയിൽ ദുർഗന്ധം വമിക്കുന്ന പ്രദേശത്താണ് ഏറ്റവും മനോഹരമായ രീതിയിൽ പൂച്ചെടികളും തണൽമരങ്ങളും വെച്ചുപിടിപ്പിച്ച് കുട്ടികൾക്ക് പാർക്കായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, ബ്ലോക്ക് പഞ്ചായത്ത്അംഗം രാമകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, പി.പി. ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ജയ്സ് ജോൺ, സാജു കുന്നപ്പള്ളി, ജമാൽ, ഷാഹിർ സി.ജെ, ടോമി പാലമല, വാർഡ് അംഗം ജിബി മണ്ണത്തുകാരൻ എന്നിവർ പ്രസംഗിച്ചു.