കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടൻ ദിലീപും തിയേറ്ററുടമകൾ സംഘടിപ്പിച്ച ചടങ്ങിൽ വേദി പങ്കിട്ടു. ദിലീപിനെ വീട്ടിൽപ്പോയി കണ്ടതല്ലെന്നും ക്ഷണിക്കപ്പെട്ട ചടങ്ങിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിത്ത് പിന്നീട് പ്രതികരിച്ചു. ചലച്ചിത്ര പ്രവർത്തകരുമായി അക്കാഡമി ചെയർമാനെന്ന നിലയിൽ ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത്, സാംസ്കാരിക ക്ഷേമനിധി ചെയർമാൻ മധുപാൽ എന്നിവർക്ക് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്നലെ സ്വീകരണം ഒരുക്കിയിരുന്നു. ഫിയോക് ചെയർമാനെന്ന നിലയിൽ ചടങ്ങിൽ സ്വാഗതം പറഞ്ഞത് ദിലീപാണ്. അക്കാഡമി ചെയർമാനാകാൻ യോഗ്യനാണ് രഞ്ജിത്തെന്ന് സ്വാഗതപ്രസംഗത്തിൽ ദിലീപ് പറഞ്ഞു. ഇരുവരും വേദി പങ്കിട്ടത് സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.