
തൃക്കാക്കര: പഴയ വാഹനങ്ങളുടെ റീടെസ്റ്റ് ഉൾപ്പെടെയുളള ഫീസുകളിലെ വൻ വർദ്ധനയ്ക്ക് ഒറ്റദിവസം ശേഷിക്കേ ഇന്നലെ ആർ.ടി ഓഫീസിലേക്ക് ജനം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഒൻപതു മണിമുതൽ തന്നെ വിവിധ ഫീസുകൾ അടയ്ക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. രണ്ട് കൗണ്ടറുകളുള്ള ആർ.ടി ഓഫീസിൽ ഇന്നല ജനത്തിരക്ക് പരിഗണിച്ച് അഞ്ച് കൗണ്ടറുകൾ തുറന്നെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാനായില്ല. ഉച്ചഭക്ഷണം കഴിക്കാൻ പോലുമാവാതെ ഉദ്യോഗസ്ഥർ കുഴങ്ങി.
ആർ.ടി ഓഫീസിലേ ജീവനക്കാർക്ക് പുറമെ എ.എം.വി.ഐ മാരും സജീവമായി രംഗത്തിറങ്ങിയതോടെ ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം തിരക്കിന് അല്പം കുറവുണ്ടായി.
വാഹനങ്ങളുടെ റീ ടെസ്റ്റ്, ഫിറ്റ്സ്, വൺ ടൈം ടാക്സ്,കൊമേഴ്സ്യൽ വാഹനങ്ങളുടെ ഫീസ് എന്നിവ അടയ്ക്കാനെത്തിയവരായിരുന്നു ഭൂരിഭാഗവും. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ.സി പുതുക്കൽ നിരക്ക് ഏപ്രിൽ ഒന്നു മുതൽ 10 ഇരട്ടി വരെ വർദ്ധിക്കും. നിരക്കിനൊപ്പം പിഴസംഖ്യ (ഡിലേ ഫീ) മാസംതോറും വർദ്ധിക്കും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക 15 വർഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ്.
വണ്ടി തൂക്കി
വിൽക്കേണ്ടി വരും
വണ്ടിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ വണ്ടി തൂക്കിവിൽക്കേണ്ട അവസ്ഥ വരും. നിലവിൽ 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിൾ പുതുക്കാൻ മറന്നാൽ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും 360 രൂപ പുതുക്കൽ ഫീസും നൽകണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ് മോട്ടോർ സൈക്കിളിന് ഒരുമാസം 300 രൂപ വച്ച് കൂട്ടും. അതായത് ഒരുവർഷം 3600 രൂപ ഡിലേ ഫീ അടയ്ക്കണം. കാറിന് 500 രൂപയാണ് മാസം ഡിലേ ഫീ വർദ്ധിക്കുക
# ആർ.സി പുതുക്കൽ നിരക്ക്
(പഴയത്, പുതിയത്)
ടൂവീലർ 360, 1000
കാർ 700, 5000
ത്രീവീലർ 500, 2500
കൊമേഴ്സ്യൽ വാഹനങ്ങൾ
മീഡിയം ഗുഡ്സ് 900, 10,000