കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു. മാർച്ച് 21ന് നടത്താനിരുന്ന പ്രതിഷേധ റാലി 144 പ്രഖ്യാപിച്ച് അടിച്ചൊതുക്കി. പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ ഐ.ഒ.സിയുടെ ഓയിൽ സ്റ്റോറേജ് ടാങ്കറുകളുടെയും പെട്രോൾ പമ്പിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതികരിക്കാൻ അവസരം ലഭിച്ചത്. കുട്ടികളുടെ പരീക്ഷവരെ അഡ്മിനിസ്ട്രേറ്റർ മാറ്റിവച്ചു. അഡ്മിനിസ്ട്രേഷന്റെ നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് താൻ വേദി ബഹിഷ്കരിക്കുകയായിരുന്നു. പ്രതികരിക്കാനുള്ള സന്ദർഭം ജനങ്ങൾ മുതലെടുത്തു. 144നെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും എം.പി വ്യക്തമാക്കി.