മരട്: നെട്ടൂരിൽ തെരുവുനായകളെ അജ്ഞാതൻ കൊന്നൊടുക്കുന്നു. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് നായകളെ കൊല്ലുന്നത്. വഴിയരികിൽ നായകൾ ചത്തുകിടക്കുന്നത് കാണുമ്പോൾ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നില്ല. ചത്തുചീഞ്ഞ് മണം വരുമ്പോൾ നാട്ടുകാർ അറിയിക്കുന്നതിനെ തുടർന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് ശുചീകരണ തൊഴിലാളികളെത്തി നായകളെ മറവു ചെയ്യുകയും ചെയ്യും.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി നെട്ടൂർ ധന്യ ജംഗ്ഷനു സമീപം നാല്, മരട് വില്ലേജ് ഓഫീസിന് സമീപം മൂന്ന്, നെട്ടൂർ മേൽപ്പാലം ജംഗ്ഷന് സമീപം ഒന്ന് എന്നിങ്ങനെ 8 നായകളെയാണ് ഇത്തരത്തിൽ വിഷം കലർത്തിയ ഭക്ഷണം കൊടുത്ത് കൊന്നത്. നെട്ടൂർ മേൽപ്പാലം ജംഗ്ഷനു സമീപം ഇന്നലെ കൊല്ലപ്പെട്ട നായയ്ക്ക് രണ്ടു മൂന്നു ദിവസം പ്രായമായ രണ്ട് പട്ടിക്കുഞ്ഞുങ്ങൾ കൂടി ഉണ്ടായിരുന്നു. അവയും അനാഥമായി.
തെരുവുനായകൾക്ക് ദിവസവും ഭക്ഷണം കൊടുക്കുന്ന നെട്ടൂർ പുറക്കേലി സ്വദേശി ജേക്കബിന്റെ ശ്രദ്ധയിലാണ് ഇക്കാര്യം പെട്ടത്. 80 ഓളം തെരുവുനായകൾക്ക് ജേക്കബ് ദിവസവും ഭക്ഷണം നൽകുന്നുണ്ട്. നായകളിൽ പലതിനെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചത്ത വിവരം അറിഞ്ഞത്. വിഷക്കുപ്പി കണ്ടെത്തിയതായും സ്ലോ പോയിസൺ ആയിരുന്നെന്നും ജേക്കബ് പറയുന്നു.
എന്നാൽ ഇക്കാര്യം മരട് നഗരസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ പറഞ്ഞു. നായ ചത്തു കിടക്കുന്ന വിവരമറിയിച്ചപ്പോൾ മറവുചെയ്യാൻ ശുചീകരണ തൊഴിലാളികളെ അയച്ചിരുന്നു. മന:പ്പൂർവം ഇത്തരത്തിൽ ക്രൂരകൃത്യങ്ങൾ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത്തരക്കാർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.