ആലുവ: മുസ്ലീം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ച എം.ഇ.എസ് മുസ്ലീമിതര ജനവിഭാഗത്തിനും വിദ്യാഭ്യാസത്തിന് അവസരങ്ങൾ നൽകിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആറാം തവണയും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.പി.എ. ഫസൽ ഗഫൂറിന് ജില്ലാ കമ്മിറ്റി ആലുവയിൽ ഒരുക്കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘവീക്ഷണത്തോടെ കാലത്തിനുമുമ്പേ നടക്കുന്ന നേതാവാണ് ഫസൽ ഗഫൂർ. ഭാവിതലമുറക്ക് വഴികാട്ടിയാണ്. പൊതുസമൂഹത്തിന് കൂടി അദേഹം സ്വീകാര്യനാണ്. മതേതരമൂല്യം ഉയർത്തിപ്പിടിക്കുന്നവർക്ക് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. വിഭാഗീയത ഇല്ലാതെ സംഘടനയെ നയിക്കാൻ കഴിയുകയെന്നത് ഏറ്റവും പ്രധാനമാണ്. ഭിന്നതയില്ലാതെ എം.ഇ.എസിനെ നയിക്കാൻ ഫസൽഗഫൂറിന് കഴിയുന്നതാണ് ആറാംവട്ടവും തൽസ്ഥാനത്ത് തുടരാൻ കാരണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത്ത് അലിഖാൻ അദ്ധ്യക്ഷത വഹിച്ചു.
എം.ഇ.എസ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട ടി.എം. സക്കീർ ഹുസൈൻ, എം.എം. അഷറഫ് എന്നിവരെയും ആദരിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എം.ഇ.എസ് സംസ്ഥാന ട്രഷറർ കെ.കെ. കുഞ്ഞുമൊയ്തീൻ, സംവിധായകൻ സിദ്ദിഖ്, എറണാകുളം മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ.ടി.വി. രവി, ബാബുസേട്ട്, അലിയാർ ഖസിമി, അനിൽ രാഘവൻ, കലാഭവൻ അനീഫ്, ജനറൽ കൺവീനർ ജബ്ബാർ ജലാൽ, സെക്രട്ടറി ഇ.എം. നിസാർ എന്നിവർ സംസാരിച്ചു.
പമ്പ് കവലയിൽ നിന്ന് താളമേളങ്ങളുടെയും കോൽക്കളിയുടെയും അകമ്പടിയോടെയാണ് ഫസൽ ഗഫൂറിനെ സമ്മേളനവേദിയിലേക്ക് ആനയിച്ചത്.