
കൊച്ചി: കൊച്ചിയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) കോയമ്പത്തൂരിൽ സിറ്റി ഗ്യാസായി പ്രവഹിച്ചുതുടങ്ങി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേരിട്ടാണ് കോയമ്പത്തൂരിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്.
കൊച്ചി - കൂറ്റനാട് - ബംഗളൂരു പൈപ്പ്‌ലൈനിൽ നിന്നാണ് കോയമ്പത്തൂരിൽ സിറ്റി ഗ്യാസ് നൽകുന്നത്. കേരള അതിർത്തിയായ വാളയാറിൽ നിന്ന് ആറ് കിലോമീറ്റർ ദൂരെ പിച്ചാനൂർ സ്റ്റേഷനിൽ നിന്നാണ് ഐ.ഒ.സിയുടെ പൈപ്പ്‌ലൈനിലേക്ക് എൽ.എൻ.ജി നൽകുന്നത്. പിച്ചാനൂരിൽ നടന്ന ചടങ്ങിൽ പൈപ്പ്ലൈൻ സ്ഥാപിച്ച ഗെയിലിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണി ഗ്യാസ് കൈമാറൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ പി. ശശീന്ദ്രനാഥും പങ്കെടുത്തു.
പൈപ്പ്‌ലൈൻ വഴി വീടുകളിൽ ഒമ്പത് ലക്ഷം കണക്ഷനുകൾ നൽകാനും 273 വാഹന ഗ്യാസ് സ്റ്റേഷനുകൾ ആരംഭിക്കാനുമാണ് ഐ.ഒ.സിയുടെ ലക്ഷ്യം. സേലത്തും ഐ.ഒ.സി സിറ്റി ഗ്യാസ് നടപ്പാക്കും.