
വാദം പൂർത്തിയായി, ഒരാഴ്ചയ്ക്കുള്ളിൽ വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ. പ്രതിക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി. ബി.ഐക്ക് കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിൽ എന്താണ് എതിർപ്പെന്ന് വാദത്തിനിടെ ജസ്റ്റിസ് സിയാദ് റഹ്മാൻ ചോദിച്ചു. പൊലീസുദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് പൊലീസ് അന്വേഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സംബന്ധിച്ച് ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ വാദം.
ഫോണുകളിലെ സന്ദേശങ്ങൾ മെമ്മറി നിറഞ്ഞതിനെ തുടർന്ന് മായ്ക്കുക മാത്രമാണ് ചെയ്തതെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോപണങ്ങൾക്ക് മറുപടിയായി ദിലീപിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ മറുപടി നൽകി.
വെറും വാക്ക് പറഞ്ഞത് ഗൂഢാലോചനയാകുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ കോടതിയും ഉന്നയിച്ചു. തെളിവുകൾ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് യഥാസമയം അത് കൈമാറിയില്ല? ബാലചന്ദ്രകുമാറിന് മറ്റ് താത്പര്യങ്ങളില്ലെന്ന് ഉറപ്പാണോയെന്നും കോടതി ചോദിച്ചു. ദിലീപുമായി ബാലചന്ദ്രകുമാറിന് നേരത്തെ സൗഹൃദമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാർ നിർണ്ണായക സാക്ഷിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
വാദം പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാൻ മാറ്റി. ഒരാഴ്ചക്കുള്ളിൽ വിധി പറയാമെന്നും അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു.
കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് അടക്കമുളളവർക്കെതിരെ ക്രൈംബ്രാഞ്ച് വധഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുത്തത്.