photo
നവീകരിച്ച വൈപ്പിൻ പള്ളിപ്പുറം ദേശീയപാത ഉദ്ഘാടനത്തിന്റെ ഫലകം കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അനാവരണം ചെയ്യുന്നു

വൈപ്പിൻ: ബി.എം.ബി.സി മാനദണ്ഡത്തിൽ നവീകരിച്ച വൈപ്പിൻ - പള്ളിപ്പുറംദേശീയപാത മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്താകെ ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ 51റോഡുകളാണ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ.ജ്യോതിലാൽ ആമുഖപ്രസംഗം നടത്തി.
കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഫലകം അനാവരണം ചെയ്തു. വൈപ്പിൻകരയുടെ സർവതോമുഖമായ വികസനത്തിൽ നിർണായകമാകും 20കോടിരൂപ ചെലവിൽ ഉന്നതനിലവാരത്തിൽ നവീകരിച്ച വൈപ്പിൻ - പള്ളിപ്പുറംറോഡെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.പിയുടെ ഭാഗമാകുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിൽ റോഡിന്റെ സമഗ്ര വികസനം സാദ്ധ്യമാകും. പുതിയകാലം പുതിയനിർമ്മാണം എന്ന ആശയം ഉൾക്കൊണ്ടാണ് പശ്ചാത്തല വികസനത്തിൽ നാഴികക്കല്ലായ വൈപ്പിൻ ജെട്ടി മുതൽ മുനമ്പം ജെട്ടിവരെ 25.50 കിലോമീറ്റർ നീളത്തിൽറോഡ് നവീകരണം പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചത്.
36 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. റോഡ് മാർക്കിംഗുകൾ, സുരക്ഷാ മുന്നറിയിപ്പ്‌ ബോർഡുകൾ, നിരീക്ഷണ കാമറകൾ, നടപ്പാതകൾ ഉൾപ്പെടെ റോഡ്‌സേഫ്റ്റി ഇംപ്രൂവ്‌മെന്റ് വർക്ക്‌സ്‌ ഫോർ വൈപ്പിൻ മുനമ്പം പദ്ധതിയുടെ ഭാഗമായുണ്ടാകും. പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാവേലികളും സീബ്ര ക്രോസിംഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാനകളും സ്ഥലലഭ്യത അനുസരിച്ച് ബസ്‌ബേകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും പദ്ധതിയിലുണ്ടാകും. 25.18 കിലോമീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

മുൻ മന്ത്രി എസ്. ശർമ്മ , അസി. എക്‌സി. എൻജിനീയർ എം.ജി. അജിത്ത്കുമാർ, അസി. എൻജിനീയർ ബിന്ദു കെ. ദിവാകരൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ.എം.ബി. ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വർഷ ഹരീഷ്, അനിൽ പ്ലാവിയൻസ്, അഡ്വ. കെ.എ. സാബു എന്നിവർ പങ്കെടുത്തു.