police

ആലുവ: പൊലീസിനെതിരെ ആക്ഷേപവുമായി ട്രാൻസ്ജെന്റേഴ്സ് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുനിസിപ്പൽ ഗ്രൗണ്ടിന് സമീപം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം സിനിമാതാരം സൂര്യ ഉദ്ഘാടനം ചെയ്തു. അവന്തിക, അന്ന രാജു എന്നിവർ സംസാരിച്ചു.

കുളിക്കടവിൽ അപമാനിക്കപ്പെട്ടെന്ന പരാതിയിൽ ട്രാൻസ്‌ജെൻഡേഴ്സിനോട് ലിംഗ പരിശോധന നടത്തണമെന്ന് ആലുവ പൊലീസ് ആവശ്യപ്പെട്ടെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ഡിവൈ.എസ്.പി ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും നടപടിയെടുക്കുമെന്നുമുള്ള ഉറപ്പ് ലഭിച്ചതായി സമരക്കാർ പറഞ്ഞു. സ്റ്റേഷനു മുന്നിലെ റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 13ന് മണപ്പുറം ദേശംകടവിൽ അന്നരാജുവും അവന്തികയും കുളിക്കാനെത്തി. മട്ടാഞ്ചേരി സ്വദേശികളായ മൂന്നുപേർ ഈ സമയം കോഴിക്കോട് കല്യാണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുളിക്കാനെത്തി. ഈ സമയം അവർ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ട്രാൻജെൻഡേഴ്സ് പൊലീസ് സ്റ്റേഷനിലെത്തി. മുണ്ടംവേലി സ്വദേശി അമൃത് തോമസ് എന്നയാൾക്കെതിരെ കേസെടുത്തു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. സ്വന്തം ഇരുചക്ര വാഹനത്തിലേ വരികയുള്ളുവെന്ന നിലപാടായിരുന്നു പരാതിക്കാർക്ക്. ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുകാർ അതിന് വഴങ്ങിയില്ല.

ആശുപത്രിയിലെത്തിച്ചപ്പോൾ സ്കാനിംഗ് നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു. അല്ലെങ്കിൽ ട്രാൻസ് വുമൺ ആയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാർ പ്രകോപിതരായി പൊലീസിനെതിരെ തിരിയുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ മെഡിക്കൽ പരിശോധനയോട് സഹകരിക്കാനും തയ്യാറായില്ല. അതേസമയം മോശമായി പെരുമാറിയെന്നാരോപിച്ച് അമൃത് തോമസ് നൽകിയ പരാതിയിൽ അവന്തികക്കും അന്ന രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.