പറവൂർ: പറവൂർ താലൂക്ക് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തരക്കും തുരുത്തിപ്പുറം ഗവ. എൽ.പി സ്കൂൾ പരിസരത്ത് നിർമിച്ചിട്ടുള്ള ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം പതിനൊന്നിനും റവന്യൂമന്ത്രി കെ. രാജൻ നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, സബ് കളക്ടർ വിഷ്ണു രാജ്, ഡോ. കൗശികൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും.
പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയുന്നതിനും സമയബന്ധിതമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് താലൂക്ക് ഓഫീസിൽ എമർജൻസി ഓപ്പറേഷൻ സെന്റർ തുറക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം, പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷപെടുത്താൻ ആളുകളെ മാറ്റിപാർപ്പിക്കാനുള്ളതാണ് തുരുത്തിപ്പുറത്തെ അഭയകേന്ദ്രം. 2019 ഡിസംബറിൽ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അഭയ കേന്ദ്രത്തിന് ശിലയിട്ടത്. ലോകബാങ്കിന്റെ സഹായത്തോടെ നൂതന സങ്കേതികവിദ്യ ഉപയോഗിച്ച് മൂന്ന് നിലയിൽ 13,000 ചതുരശ്രയടി വിസ്ത്രീർണത്തിലാണ് 5.56 കോടി രൂപ ചെലവഴിച്ച് കെട്ടിടം നിർമിച്ചിരിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടായാൽ ആയിരംപേരെവരെ കെട്ടിടത്തിൽ താമസിപ്പിക്കാം. ഭിന്നശേഷിക്കാർക്ക് കെട്ടിടത്തിൽ കയറാൻ പ്രത്യേക റാംപ് നിർമ്മിച്ചിട്ടുണ്ട്.