
കൊച്ചി: ഇന്ന് മുതൽ പത്ത് വരെ മെട്രോനഗരിക്ക് അക്ഷരമധുരം പകർന്ന് പുസ്തകമേള. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ 24-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകമേള ഇന്ന് വൈകിട്ട് 4.30 ന് സ്പാനിഷ് എഴുത്തുകാരനായ ഓസ്കാർ പുജോൾ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, സി. രാധാകൃഷ്ണൻ, ഫ്രഞ്ച് എഴുത്തുകാരി നാദിൻ ബ്രൺ കോസ്മേ, നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ കേണൽ യുവരാജ് മാലിക്, ശ്രീകുമാരി രാമചന്ദ്രൻ, എം. ശശിശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
208 ഓളം പ്രമുഖ പ്രാസാധകർ ഇത്തവണത്തെ പുസ്തകമേളയുടെ ഭാഗമാകും. ദിവസവും വൈകിട്ട് കലാപരിപാടികളുണ്ട്.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി പുസ്തകമേള മുടങ്ങിക്കിടക്കുകയായിരുന്നു.
കുട്ടികൾക്കുള്ള പരിപാടികൾ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാഡമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സാഹിത്യസംഗമത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള എഴുത്തുകാർ പങ്കെടുക്കും. 50 ഓളം പുസ്തകപ്രകാശനങ്ങൾക്ക് മേള സാക്ഷ്യം വഹിക്കും.